മോൻസൻ കേസിൽ ക്രൈംബ്രാഞ്ച് ബെഹ്റയുടെ മൊഴിയെടുത്തു

കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മോൻസന്‍റെ വീട്ടിൽ പോലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് വിശദീകരണം തേടിയത്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്താണ് മൊഴിയെടുത്തത്. ബെഹ്റയെ കൂടാതെ എഡിജിപി മനോജ് എബ്രഹാമിന്‍റെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. മോൻസനുമായി അടുത്തബന്ധം പുലർത്തിയിരുന്ന ഐജി ലക്ഷ്മണ കേസുകൾ അട്ടിമറിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ചിന് സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്തത്. മോൻസന് ഏതു സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം നൽകിയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.