സംസ്ഥാനത്ത് സിറോ പ്രിവിലൻസ് പഠനത്തിന് ആരോഗ്യ വകുപ്പിന്റെ അനുമതി


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലൻസ് പഠനം നടത്തുന്നതിന് അനുമതി നൽ‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർ‍ജ് അറിയിച്ചു. വാക്‌സിനേഷനിലൂടെയും രോഗം വന്നും എത്രപേർ‍ക്ക് കൊവിഡ് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സിറോ സർ‍വയലൻസ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേർ‍ക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസിലാക്കാനും സാധിക്കുന്നു. ഇതിലൂടെ കൊവിഡ് പ്രതിരോധം കൂടുതൽ‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതൽ‍ സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ തലത്തിൽ‍ 4 പ്രാവശ്യം സിറോ സർ‍വയലൻസ് പഠനം നടത്തിയിരുന്നു. അപ്പോഴെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സ്‌കോറിലായിരുന്നു കേരളം. അവസാനമായി ഐ.സി.എം.ആർ‍. നടത്തിയ സിറോ സർ‍വയലൻസ് പഠനത്തിൽ‍ കേരളത്തിൽ‍ 42.07 ശതമാനം പേർ‍ക്കാണ് ആർ‍ജിത പ്രതിരോധ ശേഷി കണ്ടെത്താൻ‍ സാധിച്ചത്. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ ജനസംഖ്യയിൽ‍ രോഗം വന്ന ആളുകളുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് വിലയിരുത്തി.

കേരളത്തിന്റെ മികച്ച പ്രതിരോധമാണ് ഇത് കാണിച്ചത്. അതിനുശേഷം വാക്‌സിനേഷനിൽ‍ സംസ്ഥാനം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. അതിനാൽ‍ തന്നെ സംസ്ഥാനം നടത്തുന്ന സിറോ പ്രിവിലൻസ് പഠനത്തിന് ഏറെ പ്രധാന്യമുണ്ട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ കൊവിഡ് വന്നുപോയവരുടെ വിവരങ്ങൾ‍ കണ്ടെത്തുന്നതിനായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്. ഈ പഠനത്തിനായി ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ഇമ്യൂണോ ഗ്ലോബുലിന്‍ ജി (IgG) ആന്റിബോഡി സാന്നിദ്ധ്യം നിർ‍ണയിക്കുകയാണ് സിറോ പ്രിവലൻ‍സ് സർ‍വെയിലൂടെ ചെയ്യുന്നത്. കോവിഡ് വന്ന് പോയവരിൽ‍ ഐജിജി പോസിറ്റീവായിരിക്കും. ഇവരെ സെറോ പോസിറ്റീവ് എന്നാണ് പറയുക.

18 വയസിന് മുകളിൽ‍ പ്രായമുള്ളവർ‍, ഗർ‍ഭിണികൾ‍, 5 വയസിനും 17 വയസിനും ഇടയ്ക്കുള്ള കുട്ടികൾ‍, 18 വയസിന് മുകളിലുള്ള ആദിവാസികൾ‍, തീരദേശത്തുള്ളവർ‍, നഗരങ്ങളിലെ ചേരി പ്രദേശങ്ങളിൽ‍ താമസിക്കുന്നവർ‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്. ഈ പഠനത്തിലൂടെ വിവിധ ജന വിഭാഗങ്ങളുടെയും വാക്‌സിൻ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാക്കാൻ സാധിക്കുന്നു. കൂടാതെ രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും കണക്കാക്കാനും സാധിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed