സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം


തിരുവനന്തപുരം: നയതന്ത്ര ചാനല്‍ വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം. ഇരുവരെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടുകയും ചെയ്തിട്ടുണ്ട്. . സ്വപ്‌നയും സരിത്തും നല്‍കിയ കുറ്റസമ്മത മൊഴികള്‍ സുപ്രധാന തെളിവായി കണക്കാക്കും. മാപ്പുസാക്ഷികളാക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധിരകാരമാണെന്നാണ് കസ്റ്റംസിന്റെ വിശദീകരണം. നിയമോപദേശം അനകൂലമായാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും.

ഇരുവരും എറണാകുളം സാമ്പത്തിക കുറ്റത്യങ്ങള്‍ പരിഗണിക്കുന്ന കോടതി മുഖേനയാണ് കുറ്റസമ്മതം നടത്തിയത്. ഇതിനുശേഷം നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും മൊഴി സാധൂകരിക്കുന്ന വിവരങ്ങള്‍ ലഭിക്കുകയും തുടര്‍ അറസ്റ്റുകളുണ്ടാകുകയും ചെയ്തു. എന്നാല്‍ ഫൈസല്‍ ഫരീദ് ഉള്‍പ്പെടെ വിദേശത്തുള്ള പ്രതികളെ പിടികൂടാന്‍ കസ്റ്റംസിന് സാധിച്ചില്ല.യുഎഇ കോണ്‍സുല്‍ ജനറലിന്റെയും മൊഴിയെടുക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ നിര്‍ണായകമായി വരേണ്ട നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും കസ്റ്റംസിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് പുതിയ നീക്കം.
സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന വഴിത്തിരിവുണ്ടാകുന്നത് തന്നെ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ പി ആര്‍ ഒ സരിത്തിന്റെ അറസ്റ്റോടെയാണ്. കേസിലെ മുഖ്യ ആസൂത്രകയാണ് സ്വപ്‌ന സുരേഷ് എന്ന് സരിത്താണ് വെളിപ്പെടുത്തിയത്. നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത് പറഞ്ഞിരുന്നു. യുഎഇയില്‍ നിന്ന് സ്വര്‍ണം വ്യാജ മുദ്രകളുടെ സഹായത്തോടെ തിരുവനന്തപുരത്തെത്തിച്ചത് ഫൈസല്‍ ഫരീദാണ്. ഇയാളെ ഇന്ത്യയിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സ്വപ്‌ന സുരേഷ്, പി എസ് സരിത്ത്, സന്ദീപ് നായര്‍, ടി കെ റമീസ് എന്നിവരാണ് കേസില്‍ ആദ്യഘട്ടത്തില്‍ അറസ്റ്റിലായവര്‍. ഇതില്‍ റമീസുമായി ബന്ധമുള്ള മുഹമ്മദ് അന്‍വര്‍, സെയ്തലവി തുടങ്ങി ആറുപേരെയും ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed