18 കോടിയുടെ മരുന്നിനായുള്ള കാത്തിരിപ്പിനൊടുവിൽ ഇമ്രാൻ വിടവാങ്ങി


മലപ്പുറം: സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടെയും ആറ് മാസം പ്രായമുള്ള കുഞ്ഞ് ഇമ്രാൻ ആണ് മരിച്ചത്. ഇമ്രാന്റെ ചികിത്സയ്‌ക്കായി 18 കോടി രൂപ സ്വരൂപിക്കുന്നതിനിടയിലായിരുന്നു മരണം.

ഇന്നലെ രാത്രി 11.30 ഓടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി ഡോക്ടർമാർ പറയുന്നത്. സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്‍റിലേറ്ററിൽ ഇമ്രാൻ ചികിത്സയിലായിരുന്നു. 18 കോടി രൂപയുടെ ഒറ്റ ഡോസ് മരുന്നിനായി കേരളം മുഴുവൻ കൈകോർക്കുന്നതിനിടയിലാണ് ഇമ്രാന്റെ വേർപാട്. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് പെരിന്തൽമണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്‌ക്കുശേഷം വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മങ്കട എംഎൽഎ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ ഉള്ള ചികിത്സാ സഹായ സമിതി ഇതിനോടകം പതിനാറര കോടിയോളം രൂപ ചികിത്സയ്‌ക്കായി സ്വരൂപിച്ചിരുന്നു. പ്രതീക്ഷകളെ വിഫലമാക്കി വിടപറഞ്ഞ ഇമ്രാന്റെ മൃതദേഹം ഇന്ന് പുലർച്ചെ 4.30 ന് വലമ്പൂരിൽ കബറടക്കി.

You might also like

Most Viewed