നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി. നിയമസഭയിൽ എംഎൽഎമാരുടേത് മാപ്പർഹിക്കാത്ത പെരുമാറ്റമാണെന്നും കോടതി നിരീക്ഷിച്ചു. എംഎൽഎമാർ നിയമസഭയിൽ നടത്തിയ അക്രമങ്ങൾ അംഗീകരിക്കാനാവില്ല. സംസ്ഥാന ബജറ്റ് തടയാന്‍ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും കോടതി ചോദിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയ ഹൈക്കോടതി പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ നിയമസഭാ സെക്രട്ടറി നല്‍കിയ കേസ് നിലനില്‍ക്കില്ലെന്നും കേരളം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രി വി.ശിവൻകുട്ടി, കെ.ടി.ജലീൽ, കെ.അജിത്, ഇ.പി.ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല കേസിൽ തടസ ഹർജി നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed