കോഴപ്പണമായി ലഭിച്ചതിൽ ഒരു ലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാൻ ഏൽപ്പിച്ചത് സുഹൃത്തിനെ

കോഴിക്കോട്: മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴപ്പണമായി ലഭിച്ച രണ്ടര ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ കെ. സുന്ദര സൂക്ഷിക്കാൻ ഏൽപ്പിച്ചത് സുഹൃത്തിനെയെന്ന് പോലീസ്. ബാങ്കിൽ നിക്ഷേപിച്ച ഈ പണം സംബന്ധിച്ച രേഖകൾ അന്വേഷണസംഘം ശേഖരിച്ചു. കോഴയായി രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ സ്മാർട്ട് ഫോണും ലഭിച്ചു എന്നാണ് സുന്ദര മൊഴി നൽകിയിരുന്നത്. അതേസമയം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സുന്ദരയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്‍റെ വില ഒന്‍പതിനായിരത്തിൽ താഴെയാണ്. മൊബൈൽ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ ഈ ഹാർഡ് ഡിസ്‌കിൽ ഒരു മാസത്തെ ദൃശ്യങ്ങൾ മാത്രമേ സൂക്ഷിച്ചുവയ്ക്കാനാകൂ. ഫോൺ വാങ്ങിയത് കഴിഞ്ഞ മാർച്ച് 22നാണ്. സുന്ദരയുടെ അമ്മയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി പ്രവർത്തകർ പണം നൽകിയതായി കെ. സുന്ദരയുടെ അമ്മ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.