പാർവ്വതി തിരുവോത്തിനെതിരെ പരോക്ഷ ആക്രമണവുമായി രചന നാരായണൻകുട്ടി

കൊച്ചി: താരസംഘടന അമ്മയുടെ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടന വേദിയിൽ വനിതാ താരങ്ങൾക്ക് ഇരിപ്പിടം നൽകിയില്ലെന്ന വിവാദം തള്ളി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രചനാ നാരായണൻകുട്ടി. വിമർശന ബുദ്ധി നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നും രചനാ നാരായണൻകുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ചിലർ എന്തിനും തെറ്റ് മാത്രം കാണുന്ന ദോഷൈകദൃക്കുകളാണ്. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. രചനാ നാരായണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുന്നവരുടെ പ്രകടനത്തെ വിവേകശൂന്യത എന്ന് മാത്രമെ വിളിക്കാൻ കഴിയൂവെന്നും താരം കൂട്ടിച്ചേർത്തു.
മോഹൻലാൽ, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്സിക്യുട്ടീവ് അംഗങ്ങൾ വേദിയിലിരിക്കുകയും വനിതാ എക്സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണൻകുട്ടി എന്നിവർ വേദിക്ക് സമീപം നിൽക്കുകയുകയും ചെയ്യുന്നതിന്റെ ചിത്രം പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ അംഗങ്ങൾക്ക് ഇരിപ്പിടം നൽകിയില്ലെന്ന ആരോപണം ഉയർന്നത്. ഉദ്ഘാടന വേദിയിൽ വനിതാ അംഗങ്ങളെ മാറ്റി നിർത്തിയെന്ന വിമർശനത്തെ തള്ളി ഇന്നലെ ഹണി റോസും രംഗത്തെത്തിയിരുന്നു. വനിതാ മെന്പർമാരെ ആരും മാറ്റി നിർത്തിയിട്ടില്ലെന്നായിരുന്നു ഹണി റോസിന്റെ പ്രതികരണം.