മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ചെന്നിത്തല മനസ് തുറന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ല. ഇപ്പോൾ തന്‍റെ ദൗത്യം യുഡിഎഫിനെ ഭരണത്തിൽ എത്തിക്കുക എന്നതാണ്. മുഖ്യമന്ത്രി ആരെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. പാർട്ടി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി എന്നാണ് ചെന്നിത്തല മറുപടി നൽകിയത്.
രണ്ടര വർഷം ഒരു സ്ഥാനവുമില്ലാതെ മാറി നിന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥാനം കിട്ടിയില്ലെങ്കിൽ പരാതിയോ പരിഭവമോ പ്രകടിപ്പിക്കുന്ന ആളല്ല താൻ. തനിക്ക് പാർട്ടിയാണ് വലുത്, മുന്നണിയാണ് വലുത്, ജനങ്ങളാണ് വലുതെന്നും ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയാലും പ്രശ്നമില്ലേ എന്ന് ചോദ്യത്തിന് ആർ മുഖ്യമന്ത്രി ആയാലും പ്രശ്നമില്ലെന്നും പ്രതിപക്ഷ നേതാവ് മറുപടി നൽകി.