മസാലബോണ്ട് ഭരണഘടനാവിരുദ്ധം, കിഫ്ബി ബാധ്യതയാകും: സിഎജി റിപ്പോർട്ട്


തിരുവനന്തപുരം: കിഎഫ്ബിയിലെ സിഎജിയുടെ നിർണ്ണായകമായ പരിശോധനാ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ ബാധ്യത ആയി മാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം കടമെടുപ്പ് ഭരണഘടന വിരുദ്ധമാണെന്നും റിപ്പോ‍ർട്ടിൽ പറയുന്നുണ്ട്. വൻരാഷ്ട്രീയപ്പോരിനും വിവാദത്തിനും കാരണമായ സിഎജി റിപ്പോർട്ടാണ് പുറത്തുവരുന്നത്. കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധവും സർക്കാറിനും വൻ ബാധ്യത ഉണ്ടാക്കുമെന്നും സിഎജി കണ്ടെത്തിയെന്ന് പറഞ്ഞ് ധനമന്ത്രി തന്നെയാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം പരസ്യമാക്കിയത്.

റിപ്പോർട്ട് സഭയുടെ മേശപ്പുറതത് വെച്ചാൽ അക്കൗണ്ടന്‍റ് ജനറൽ വാർത്താസമ്മേളനം നടത്താറുണ്ട്. പതിവ് വാർത്താസമ്മേളനത്തിൽ അക്കൗണ്ടന്‍റ് ജനറൽ സർക്കാരിന്‍റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ സാധ്യതയുണ്ട്.
ഒരു മുഴം മുന്പെ റിപ്പോർട്ട് പുറത്ത് വിട്ട് സിഎജിക്കെതിരെ പരസ്യവിമർശനങ്ങളും പ്രതിഷേധവും സിപിഎം കടുപ്പിച്ചതാണ്. ആവശ്യമായ വിശദീകരണം തേടാതെയുള്ള റിപ്പോർട്ട് വികസനം തർക്കാൻ വേണ്ടിയൂള്ള ആസൂത്രിത നീക്കമെന്നായിരുന്നു സർക്കാർ വാദം. ആദ്യം പുറത്ത് വിട്ടത് കരടാണെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ അന്തിമറിപ്പോർട്ടാണെന്ന് കാണിച്ച് സിഎജി വാർത്താക്കുറിപ്പ് ഇറക്കി. റിപ്പോർട്ട് ചോർത്തിയതിന്‍റെ പേരിലും ഉള്ളടക്കത്തിന്‍റെ പേരിലും ധനമന്ത്രിക്കും സർക്കാറിനുമെതിരെ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന നോട്ടീസിന്‍റെ പേരിൽ ധനമന്ത്രിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരിക്കേണ്ടിവന്നു. കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് കൊടുക്കാനിരിക്കെയാണ് റിപ്പോർട്ട് സഭയ്ക്ക് മുന്നിൽ വരുന്നത്.

You might also like

  • Straight Forward

Most Viewed