നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേതെന്ന് തഹസിൽദാർ


തിരുവനന്തപുരം: നെയ്യറ്റിൻകരയിൽ ദന്പതികളുടെ ആത്മഹത്യക്ക് കാരണമായ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന് തഹസിൽദാർ അറിയിച്ചത്. ഈ ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്. പൊള്ളലേറ്റ് മരിച്ച ദന്പതികളുടെ മക്കളും അയൽക്കാരുമൊക്കെ വാദിച്ചുകൊണ്ടിരുന്നത് വസന്ത ഭൂമി അന്യായമായി കൈവശം വച്ചിരിക്കുകയാണ് എന്നായിരുന്നു. ഇത് തെറ്റാണെന്നാണ് തഹസിൽദാറുടെ റിപ്പോർട്ട്. 40 വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ലക്ഷം വീട് പദ്ധതിക്കായി വിലകൊടുത്ത് വാങ്ങിയ ഭൂമിയാണിത്. പിന്നീട് ഇത് പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. അപ്പോഴൊക്കെ ഭൂമിയ്ക്ക് പട്ടയം അനുവദിച്ചിരുന്നു. സുഗന്ധ എന്നയാളിൽ നിന്നാണ് വസന്ത ഈ ഭൂമി വിലകൊടുത്ത് വാങ്ങിയത്. ഇതിന് കരമടച്ച രസീത് അടക്കം ഇവരിലുണ്ട്. വസന്തയിൽ നിന്ന് വ്യവസായിയായ ബോബി ചെമ്മണ്ണൂർ സ്ഥലം വാങ്ങി കുട്ടികൾക്ക് നൽകാൻ ശ്രമിച്ചിരുന്നെങ്കിലും അവർ അത് സ്വീകരിച്ചിരുന്നില്ല. നിയമപരമായി വാങ്ങാനോ വിൽക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സർക്കാർ പട്ടയം നൽകാമെന്ന് പറഞ്ഞതിനാൽ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികൾ അറിയിച്ചിരുന്നു. വസന്തയുടെ പക്കൽ ഭൂമിയുടെ പട്ടയമില്ലെന്നും അത് തെളിയിക്കുന്ന വിവരാവകാശ രേഖ തങ്ങളോട് ഉണ്ടെന്നും കുട്ടികൾ പറഞ്ഞിരുന്നു.

You might also like

Most Viewed