സ്പീക്കർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി ചെന്നിത്തല


 

കോഴിക്കോട്: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാന്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് സംസ്ഥാനം നട്ടം തിരിയുന്പോള്‍ നിയമസഭയിൽ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടിവിയുമെല്ലാം ധൂർത്തിന്റെയും അഴിമതിയുടേയും ഉദാഹരണമായി ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണങ്ങൾ.
പ്രവാസികളുടെ ക്ഷേമത്തിനായി കൊണ്ട് വന്ന കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെ പര്യായമാക്കിയെന്നാണ് പ്രധാന ആരോപണം. 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന്‍ തന്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. ടെണ്ടർ ഇല്ലാതെയാണ് പണി ഊരാളുങ്കലിനെ ഏൽപ്പിച്ചതെന്നും വിവരാവകാശ രേഖകൾ അടിസ്ഥാനമാക്കിയുള്ള ആരോപണം. രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്.
2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്, ഇതിനും ടെണ്ടര്‍ ഇല്ല. ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്.
എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂവെന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്‍കി കഴിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. കൊവിഡിന്റെ പശ്ചാലത്തില്‍ പ്രഖ്യാപിച്ച സാന്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയതെന്ന് ചെന്നിത്തല പറയുന്നു.

You might also like

  • Straight Forward

Most Viewed