ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സഭാദ്ധ്യക്ഷനായി അഭിഷിക്തനായി


തിരുവല്ല: പ്രാര്‍ത്ഥനാശുശ്രൂഷകളുടെ മധ്യത്തില്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനാഭിഷിക്തനായി. മലങ്കര മാര്‍ത്തോമ്മാ സഭയുടെ 22 ാമത്തെ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയും സഭാധ്യക്ഷനുമായി ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത എന്ന പേരില്‍ ഇന്നു രാവിലെ തിരുവല്ലയില്‍ സഭാ ആസ്ഥാനത്തു നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാദ്ധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു
രാവിലെ 7.45ന് സഭ ആസ്ഥാനമായ തിരുവല്ല പുലാത്തീനില്‍ നിന്ന് നിയുക്ത മെത്രാപ്പോലീത്തയെ സ്ഥാനാരോഹണ വേദിയിലേക്ക് ആനയിച്ചു. ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളിലെ താത്കാലിക മദ്ബഹായില്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തി.സ്ഥാനാരോഹണ ശുശ്രൂഷയില്‍ മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരായ ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തീമോത്തിയോസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഡോ.ഏബ്രഹാം മാര്‍ പൗലോസ്, ഡോ.മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ.ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ.തോമസ് മാര്‍ തീത്തോസ് എന്നിവരും ഇതര സഭകളിലെ മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ജോസഫ് മാര്‍ ഗ്രീഗോറിയോസ്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് എന്നിവരും സഹകാര്‍മികരായിരുന്നു. സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്തയെ സഭാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അറിയിച്ചു. തുടര്‍ന്നായിരുന്നു സ്ഥാനാരോഹണത്തിന്‍റെ പ്രധാന ചടങ്ങുകളിലേക്ക് നടന്നത്.
നിയുക്ത മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ പ്രഖ്യാപനം നടത്തിയശേഷം അദ്ദേഹം സ്ഥാനവസ്ത്രങ്ങളോടെ സിംഹാസനത്തില്‍ ഇരുന്ന് തിരുവചനം വായിച്ചു. തുടര്‍ന്ന് സിംഹാസനം വൈദികര്‍ ഉയര്‍ത്തി മെത്രാപ്പോലീത്ത ഉത്തമനും യോഗ്യനും എന്ന് അര്‍ഥമുള്ള ഓക്‌സിയോസ് ചൊല്ലി. തുടര്‍ന്ന് അധികാര ചിഹ്‌നമായ അംശവടി മുഖ്യകാര്‍മികര്‍ മെത്രാപ്പോലീത്തയ്ക്കു കൈമാറി. സ്ഥാനാരോഹണ ശുശ്രൂഷയ്ക്കുശേഷം അനുമോദനസമ്മേളനം നടന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed