വയനാട്ടിൽനിന്നും നെയ്യാർ സഫാരി പാർക്കിലെത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു
തിരുവനന്തപുരം: വയനാട്ടിൽനിന്നും നെയ്യാർ സിംഹസഫാരി പാർക്കിലെത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു. കൂടിന്‍റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയ്ക്കായി പ്രദേശത്തെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്. ചീയമ്പം കോളനി പരിസരത്ത് വളർത്ത് നായയെ പിടിക്കാൻ ശ്രമിച്ച കടുവയെ പ്രദേശവാസികൾ പാട്ടകൊട്ടി തുരത്തുകയായിരുന്നു. ആനപന്തിയിൽ സ്ഥാപിച്ച കൂട്ടിൽ കയറിയ കടുവയെ പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
ചീയമ്പം പ്രദേശത്ത് നിന്ന് നാലു വർഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ട്രീറ്റ്മെന്‍റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിന്‍റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്. കടുവ നെയ്യാർ സഫാരി പാർക്കിൽ തന്നെയുണ്ടാവുമെന്നും ഇവിടം വിട്ട് ജനവാസ മേഖലയിലേക്ക് പോകാൻ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കടുവയെ കണ്ടെത്താനായി ഡ്രോൺ കാമറയടക്കമുള്ള സംവിധാനങ്ങൾ എത്തിച്ചിട്ടുണ്ട്. നെയ്യാർ സഫാരി പാർക്കിലുള്ള രണ്ട് സിംഹങ്ങളും സുരക്ഷതിരാണെന്നും അവ രണ്ടും കൂട്ടിലുണ്ടെന്നും അടിയന്തര സാഹചര്യം നേരിടാൻ തിരുവനന്തപുരം മൃഗശാലയിൽ നിന്നും വെറ്റിനറി ഡോക്ടർ അടക്കമുള്ള സംഘം നെയ്യാറിലെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
