ചോദ്യം ചെയ്യലുമായി ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇഡി
ബംഗളൂരു: മയക്കു മരുന്നു കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയക്ടറേറ്റ് (ഇഡി). പല ചോദ്യങ്ങൾക്കും ബിനീഷ് ഉത്തരം നൽകുന്നില്ല. പലതിൽനിന്നും ഒഴിഞ്ഞു മാറുന്നു. എഴുതി തയാറാക്കിയ ചോദ്യങ്ങൾക്കും ബിനീഷ് ഉത്തരം നൽകിയില്ലെന്നും ഇഡി അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനായ ബിനീഷിനെ ഇഡി വ്യാഴാഴ്ചയാണ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ലഭിച്ച അദ്ദേഹത്തെ വെള്ളിയാഴ്ച രാവിലെ ചോദ്യംചെയ്യാൻ തുടങ്ങി.അനൂപിന് പണം നൽകിയതായി ബിനീഷ് സമ്മതിച്ചു. എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മയക്കുമരുന്നു കേസിൽ എൻസിബിയും ബിനീഷിനെ ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചവരെ ഇഡി കസ്റ്റഡിയിൽ തുടരും. മലയാളിയായ അനൂപിനെയും മറ്റു രണ്ടു പേരെയും ആഗസ്റ്റിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് അന്വേഷണം ബിനീഷിലേക്കെത്തിയത്. ഒക്‌ടോബർ 17ന് അനൂപിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നു വാങ്ങി വില്പന നടത്തിയിരുന്നുവെന്നും ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും ഇഡിയുടെ ചോദ്യംചെയ്യലിൽ അനൂപ് സമ്മതിച്ചിരുന്നു. ഒക്ടോബർ 21 വരെ അനൂപ് ഇഡി കസ്റ്റഡിയിലുണ്ടായിരുന്നു. അനൂപും കൂട്ടാളികളുമാണു കന്നഡ സിനിമാതാരങ്ങൾക്ക് മയക്കുമരുന്ന് എത്തിച്ചു നല്കിയിരുന്നത്. കൊച്ചി വൈറ്റില സ്വദേശിയായ അനൂപ് മുഹമ്മദ് പരപ്പന അഗ്രഹാര ജയിലിലാണ്.
