അഞ്ചാമത്തെ ഐഫോൺ ആർക്കാണ് കിട്ടിയതെന്ന് എനിക്കറിയാം


കോട്ടയം: ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വര്‍ണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്‌ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിടാക് വിതരണം ചെയ്ത ഫോണുകളിൽ ഒരണ്ണം കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇത് ഞാന്‍ പറഞ്ഞതിന്‍റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്‍റെ കൈയ്യില്‍ ആ ഐഫോൺ ഇല്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്.

ഫോണ്‍ ആര്‍ക്കെല്ലാം ലഭിച്ചുവെന്നു അന്വേഷിക്കണമെന്ന് താന്‍ ഡിജിപിക്ക്‌ എഴുതികൊടുത്തിട്ടും ഒരു നടപടിയും എടുത്തില്ല. തനിക്കെതിരായ ആരോപണം ഉന്നയിച്ച ആള്‍ക്ക് നോട്ടീസ് നല്‍കിയിട്ട് അതിന് മറുപടി ലഭിച്ചിട്ടില്ല. മാനനഷ്ട കേസുമായി മുന്നോട്ടു പോകും.ഇഎംഎസും പി. കൃഷ്ണപിള്ളയും ഇരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി ഇരിക്കുകയാണ്. ഇത്രയും വലിയ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് ഒരു എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ അധോലോകങ്ങളുടെയും, കള്ളക്കടത്തുകാരുടെയും, മനുഷ്യക്കടത്തുകാരുടെയും ഏജന്‍റുമാരായി മാറിയിരിക്കുകയാണന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed