എം. ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു: മുന്‍കൂർ ജാമ്യഹർജികളില്‍ വിധി 28ന്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് തൽക്കാലത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഈ മാസം ഇരുപത്തെട്ടിന് മുൻകൂർ ജാമ്യാപേക്ഷകളിൽ അന്തിമവിധി വരുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. കസ്റ്റംസും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസുകളിൽ ശിവശങ്കർ സമർപ്പിച്ചിട്ടുളള മുൻകൂർ ജാമ്യാപേക്ഷകളിലാണ് 28ന് അന്തിമവിധിവരുന്നത്.
കഴിഞ്ഞദിവസം എൻഐഎ രജിസ്റ്റർചെയ്ത കേസിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ശിവശങ്കറിനെ ഇപ്പോൾ പ്രതിചേർക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീർപ്പാക്കിയത്.