ആശ്രിതര്‍ക്ക് വീട്, ജോലി, വിദ്യാഭ്യാസം; പെട്ടിമട ദുരന്തം പുനരധിവാസ പാക്കേജ് സംബന്ധിച്ച് തീരുമാനമായി

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് ഉണ്ടായത്. രക്ഷാപ്രവർത്തനവും തിരച്ചിലും പൂർണ്ണമായ ശേഷം ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോർട്ട് വാങ്ങും. വിശദമായ ചർച്ചക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും. മരിച്ചവരുടെ ആശ്രിതർക്ക് ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ അടങ്ങുന്ന തായിരിക്കും പാക്കേജ്. ദുരന്തത്തിൽപ്പെട്ടവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നാളെ പെട്ടിമുടി സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാർ ആനച്ചാലിലെത്തി തുടർന്ന് റോഡ് മാർഗമായിരിക്കും പെട്ടിമുടിയിലേക്ക് പോകുക.
അപകടത്തിന്‍റെ ആറാം ദിവസമായ ഇന്ന് മൂന്ന് പേരുടെ മൃതേദഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു.
ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള പരിശോധനയിൽ കഴിഞ്ഞ രണ്ട് ദിവസവും ആരെയും കണ്ടെത്താനാകാത്തതിനാൽ കൂടുതൽ മൃതദേഹങ്ങൾ പുഴയിൽ ഒലിച്ച് പോയിരിക്കാമെന്നാണ് ദൗത്യസംഘത്തിന്‍റെ നിഗമനം. ഇനി കണ്ടെത്താനുള്ളവരിൽ കൂടുതലും കുട്ടികളാണ്. അപകടം നടന്ന് ആറ് ദിവസമായെങ്കിലും പെട്ടിമുടിയിൽ മഴയും മഞ്ഞും നിമിത്തം താപനില പൂജ്യം ഡിഗ്രിക്ക് സമാനമായതിനാൽ മൃതദേഹങ്ങൾ അഴുകി തുടങ്ങിയിട്ടില്ല. ഇതുനിമിത്തം പെട്ടിമുടിയിൽ നിന്ന് 10 കിലോമീറ്റർ മാറി മാങ്കുളം വരെയുള്ള ഭാഗത്ത് തിരച്ചിൽ നടത്തിയാൽ കൂടുതൽ പേരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപന ഭീഷണിയുള്ളതിനാൽ രക്ഷാപ്രവർത്തകർക്കിടയിൽ ഇന്നും ആന്‍റിജൻ പരിശോധന നടത്തുന്നുണ്ട്.