കാസർഗോട്ട് കടുത്ത നിയന്ത്രണങ്ങൾ: മാർക്കറ്റുകൾ പൊലീസ് നിയന്ത്രണത്തിൽ, കടകൾ രാവിലെ 8 മുതൽ വൈകിട്ട് 6 മണി വരെ മാത്രം

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ സന്പർക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ഇന്ന് മുതൽ കടകൾ രാവിലെ 8 മുതൽ വൈകിട്ട് 6 മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാൻ ജില്ലയിലെ മുഴുവൻ മാർക്കറ്റുകളും ഇനി പൊലീസ് നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. മഞ്ചേശ്വരം മുതൽ തലപ്പാടി വരെയുള്ള ദേശീയ പാത കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.
ചെങ്കള, മഞ്ചേശ്വരം, മധൂർ പഞ്ചായത്തുകളിൽ സന്പർക്ക രോഗികളുടെ എണ്ണം കൂടുകയാണ്. ചെങ്കളയിൽ മാത്രം ഇന്നലെ 28 പേർക്കാണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 27 പേർക്കും സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിർത്തി കടന്ന് ദിവസ പാസിലൂടെ യാത്ര ചെയ്തവരിൽ നിന്നാണ് രോഗം പടരുന്നതെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കിയിട്ടുണ്ട്. മധൂർ, ചെർക്കള എന്നിവിടങ്ങളിലെ കടകളും കാസർഗോഡ് നഗരത്തിലെ മാർക്കറ്റും ഇന്ന് മുതൽ അടച്ചിടും.
ഊടുവഴികളിലൂടെ ഇപ്പോഴും കാൽനടയായി കർണാടകയിൽ നിന്നെത്തുന്നവരുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. കൂടുതൽ പൊലീസുകാരെ അതിർത്തിയിൽ വിന്യസിക്കും. ജില്ലയിലെ മുഴുവൻ മാർക്കറ്റുകളും ഇന്ന് മുതൽ പൊലീസ് നിയന്ത്രണത്തിലാണ്. മാസ്‍ക് ധരിക്കുകയും സാമൂഹ്യ അകലം എന്നിവ പാലിക്കുകയും ചെയ്യാത്തവർക്കെതിരെ ഇന്ന് മുതൽ്‍ കടുത്ത നടപടി സ്വീകരിക്കും. അടുത്ത ഒരാഴ്ച്ച അതീവ ജാഗ്രത വേണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശം.