വോട്ടർ പട്ടിക; ഹൈ​ക്കോ​ട​തി വി​ധിക്കെതിരെ തിര. ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്


കൊച്ചി: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 2019ലെ ലോക്സഭാ ഇലക്ഷന്‍റെ വോട്ടർപട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിനെതിരേ തിരഞ്ഞെടുപ്പു കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കും. ഹൈക്കോടതി വിധി നടപ്പാക്കുന്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക അംഗീകരിക്കണമെന്ന് ആവശ്യപ്പെടുമെന്നും കമ്മീഷൻ അറിയിച്ചു.  2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വിജ്ഞാപനം റദ്ദാക്കിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തയ്യാറാക്കിയ വോട്ടർപട്ടിക 2020 ഫെബ്രുവരി ഏഴിന് പുതുക്കിയിരുന്നു. ഈ പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ വിജ്ഞാപനമിറക്കണമെന്നും വിധിയിൽ പറയുന്നു.  പുതിയ വോട്ടർപട്ടിക നിലവിലുണ്ടായിട്ടും 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി ഇലക്ഷൻ നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വിജ്ഞാപനം ചോദ്യംചെയ്തു നൽകിയ ഹർജി നേരത്തേ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേ ഹർജിക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ സുപ്രധാന തീരുമാനം.

2015 ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിനുവേണ്ടി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ വോട്ടർപട്ടിക തയാറാക്കിയശേഷം നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും നടന്നു. 2019 െ ലോക്സഭാ തിരഞ്ഞെടുപ്പിനുവേണ്ടി വോട്ടർ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ പുതുക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ ഈ പട്ടിക അടിസ്ഥാനമാക്കിയാൽ ഇപ്പോൾ യോഗ്യത നേടിയവരുടെ പേരുകൾ മാത്രം വോട്ടർപട്ടികയിൽ ചേർത്താൽ മതിയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാൽ നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്സഭാ തിരഞ്ഞെടുപ്പിനും വോട്ടർ പട്ടികയിൽ പേരു ചേർത്തവർക്ക് വീണ്ടും പേരു ചേർക്കേണ്ട സ്ഥിതി വരുമെന്നും ഇതു വോട്ടർമാരെ ബുദ്ധിമുട്ടിലാക്കുമെന്നും ഹർജിക്കാർ വാദിച്ചു. തദ്ദേശഭരണ തിരഞ്ഞെടുപ്പിനു ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള വോട്ടർ പട്ടിക ഉപയോഗിക്കുന്നതു പ്രായോഗികമല്ലെന്നായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ വാദം. തദ്ദേശഭരണ തിരഞ്ഞെടുപ്പിനു വാർഡുകൾ അടിസ്ഥാനമാക്കി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനാണു വോട്ടർപട്ടിക തയാറാക്കുന്നത്. മറ്റു രണ്ടു തിരഞ്ഞെടുപ്പുകൾക്കും ബൂത്ത് അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും. ഇവ രണ്ടും തമ്മിൽ പൊരുത്തപ്പെടില്ലെന്നും അപാകത നീക്കാൻ വീണ്ടും പട്ടിക പുതുക്കേണ്ടി വരുമെന്നും തിരഞ്ഞെടുപ്പു കമ്മീഷൻ വിശദീകരിച്ചു. 

2015ലെ വോട്ടർപട്ടികയെ അപേക്ഷിച്ച് 2019 ലെ പട്ടികയിൽ പത്തു ലക്ഷത്തിലേറെ വോട്ടർമാർ കൂടുതലുണ്ടെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. കുറച്ച് ഉദ്യോഗസ്ഥരുടെ സൗകര്യത്തിനുവേണ്ടി ലക്ഷക്കണക്കിനു വോട്ടർമാരെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിക്കണോയെന്നു വാദത്തിനിടെ ഹൈക്കോടതി വാക്കാൽ ചോദിച്ചു. ഒരുതവണ വോട്ടറായി പേരു രജിസ്റ്റർ ചെയ്ത വ്യക്തിയെ എങ്ങനെയാണ് വീണ്ടും വോട്ടറായി രജിസ്റ്റർ ചെയ്യുകയെന്നും ഹൈക്കോടതി ചോദിച്ചു. തുടർന്നാണു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടി റദ്ദാക്കി 2019ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കാൻ നിർദേശിച്ചത്. 2019−ലെ വോട്ടർപട്ടിക ഉപയോഗിച്ചാൽ മതിയെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന നടപടികൾ നിർത്തിവച്ചു. ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അപ്പീൽ നൽകുന്നില്ലെങ്കിൽ നിലവിലെ കോടതി വിധി അംഗീകരിച്ചു പുതിയ ഉത്തരവ് ഇറക്കേണ്ടിവരും. ഇക്കാര്യത്തിൽ വിധിപ്പകർപ്പു കിട്ടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ വി. ഭാസ്കരൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed