ഉര്‍ദുഗാന്റെ കശ്മീര്‍ പരാമര്‍ശം; ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് തുര്‍ക്കിയോട് ഇന്ത്യ

ന്യുഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് തുര്‍ക്കിക്ക് ഇന്ത്യയുടെ നിര്‍ദേശം. പാകിസ്താന്‍ സന്ദര്‍ശനവേളയില്‍ തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ കശ്മീര്‍ പരാമര്‍ശത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിമര്‍ശനം ഉന്നയിച്ചത്. ‘പാകിസ്താനില്‍ നിന്നുള്ള ഭീകരവാദം ഉള്‍പ്പെടെ വസ്തുതകള്‍ ശരിക്കും മനസ്സിലാക്കൂവെന്നും കേന്ദ്രം വ്യക്തമാക്കി.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും അന്യാധീനപ്പെടാത്തതുമായ ഘടകമാണ്. ജമ്മു കശ്മീരുമായി ബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളിക്കളയുകയാണ്. പാകിസ്താനില്‍ നിന്ന് ഇന്ത്യയ്ക്കും മേഖലയ്ക്കുമെതിരെ ഉയരുന്ന ഭീകരപ്രവര്‍ത്തനം അടക്കമുള്ള വസ്തുതകള്‍ ശരിക്കും മനസ്സിലാക്കിയെടുക്കുകയാണ് വേണ്ടത്−വിദേശകാര്യ മന്ത്രാലയം വക്താവ് റവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയാണ് ഉര്‍ദുഗാന്‍ കശ്മീര്‍ വിഷയം വീണ്ടും എടുത്തിട്ടത്. ഇരുരാജ്യങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ തുര്‍ക്കിയുടെ പിന്തുണ പാകിസ്താനൊപ്പമാണെന്ന് ഉറപ്പുനല്‍കുന്നുവെന്നായിരുന്നു പാകിസ്താന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ ഉര്‍ദുഗാന്റെ പ്രസ്താവന. കശ്മീരികള്‍ പീഡനം അനുഭവിക്കുകയാണെന്നും ഇന്ത്യ ഏകപക്ഷീയമായി ഇടപെട്ടുവെന്നുമുള്ള പരാമര്‍ശങ്ങളാണ് ഉര്‍ദുഗാന്‍ നടത്തിയത്. ഈ ആഴ്ച പാരിസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഗ്രേ ലിസ്റ്റില്‍ നിന്നും പാകിസതാന്റെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം തൂര്‍ക്കി നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുല്‍വാമയില്‍ പാകിസ്താന്‍ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യൂ വരിച്ചതിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ കൂടിയാണ് ഉര്‍ദുഗാന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ പ്രസ്താവന വന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ വടക്കുകിഴക്കന്‍ സിറിയയില്‍ തുര്‍ക്കി സൈന്യത്തിന്റെ കുറ്റകരമായ ഇടപെടല്‍ ഉണ്ടായതില്‍ ഇന്ത്യ നിശിതമായ വിമര്‍ശനം നടത്തിയിരുന്നു. ഇതിനു ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഉര്‍ദുഗാന്‍ പരാമര്‍ശം നടത്തുന്നത്.