ട്രെയിനുകളിൽ വൻ കവർച്ച; രണ്ട് സംഭവങ്ങളിൽ കവർന്നത് ലക്ഷങ്ങളുടെ സ്വർണ്ണവും ഡയമണ്ടും

കോഴിക്കോട്: ചെന്നൈ− മംഗളുരു സൂപ്പർ ഫാസ്റ്റിലും മലബാർ എക്സ്പ്രസിലും വൻ കവർച്ച. ചെന്നൈ− മംഗളുരു സൂപ്പർ ഫാസ്റ്റിൽ നിന്ന് ചെന്നൈ സ്വദേശിയുടെ 15 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട്, സ്വർണം എന്നിവ മോഷണം പോയി. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ നിന്ന് കാഞ്ഞങ്ങാട് സ്വദേശികളുടെ 10 പവൻ കവർന്നു. ഏറ്റവും വലിയ കവർച്ച സംഭവിച്ചത് ചെന്നൈ സൂപ്പർഫാസ്റ്റിലാണ്. ചെന്നൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള യാത്രക്കിടയിലാണ് ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വർണവും ഡയമണ്ടും പണവും ഉൾപ്പടെ 15 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർച്ച ചെയ്യപ്പെട്ടത്. എ.സി കമ്പാർട്ട്മെന്റിലായിരുന്നു പൊന്നിമാരൻ സഞ്ചരിച്ചിരുന്നത്. ഇവിടെ വച്ചാണ് മോഷണം നടന്നിരിക്കുന്നത്. ഇയാൾ റെയിൽവേ പോലീസിൽ പരാതി നൽകി.
മലബാർ എക്സപ്രസിൽ കവർച്ചക്കിരയായത് കാഞ്ഞങ്ങാട് സ്വദേശികളാണ്. സിംഗപ്പൂരിൽ നിന്നും എത്തിയ ഇവർ അങ്കമാലിയിൽ വെച്ചാണ് ട്രെയിനിൽ കയറിയത്. ഇവരുടെ ഒമ്പതര പവൻ വരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. റെയിൽവേ പോലീസ് ട്രെയിനിൽ കാഞ്ഞങ്ങാട് സ്വദേശികൾക്കൊപ്പം യാത്രചെയ്ത് മൊഴി എടുത്തു. ഇവരുടെ പരാതി കണ്ണൂർ േസ്റ്റഷനിലും സ്വീകരിച്ചിട്ടുണ്ട്. ഈ പരാതിയും പരാതിക്കാരുടെ മൊഴിയും കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. തുടർന്ന് കോഴിക്കോട് കേസ് രജിസ്റ്റർ ചെയ്യും. ചെന്നൈ സ്വദേശിയുടെ കേസും കോഴിക്കോട് തന്നെയാകും രജിസ്റ്റർ ചെയ്യുക.
ചെന്നൈ സ്വദേശിയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടത് തമിഴ്നാട് ഭാഗത്ത് വെച്ചായിരിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ ഇവർ വിവരം അറിഞ്ഞത് ട്രെയിൽ കേരളത്തിൽ എത്തിയപ്പോഴാണ്. മലബാർ എക്സ്പ്രസിലെ മോഷണമാണ് വടകരയ്ക്കും തിരൂരിനും ഇടയിൽ നടന്നത്. കേരളത്തിൽ ഓടുന്ന രണ്ടു ട്രെയിനുകളിൽ ഉണ്ടായ മോഷണം വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് പരിശോധിച്ചുവരുന്നുണ്ട്. പാലക്കാട് റെയിൽ ഡിവിഷന്റെ കീഴിലുള്ള റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് രണ്ടുകേസുകളും ഒന്നിച്ച് അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.