ലോക കേരളസഭക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം; സമ്മേളനം ബഹിഷ്‌കരിച്ച യു.ഡി.എഫ് വെട്ടിലായി


തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭക്ക് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. സമ്മേളനം കോൺഗ്രസും യു.ഡി.എഫും ബഹിഷ്കരിക്കുന്നതിനിടെയാണ് രാഹുലിന്റെ അഭിനന്ദനം എന്നത് ശ്രദ്ധേയമാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിന്റെ അഭിനന്ദന കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രവാസികളുടെ ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുൽ കത്തിൽ പറഞ്ഞു. അതിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 12−നാണ് രാഹുൽ കത്തയച്ചിരിക്കുന്നത്. 

അതേ സമയം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സർക്കാർ ധൂർത്താണ് നടത്തുന്നതെന്നാരോപിച്ചാണ് ഇത്തവണത്തെ സമ്മേളനം യു.ഡി.എഫ് ബഹിഷ്കരിച്ചത്. ഒന്നാം സമ്മേളനത്തിലെടുത്ത 60 തീരുമാനങ്ങളിൽ ഒന്നുപോലും ഫലപ്രദമായി നടപ്പാക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ലോക കേരള സഭയുടെ വൈസ്. ചെയർമാൻ സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ യു.ഡി.എഫ് നേതാക്കൾ ആരും പങ്കെടുത്തില്ല. ഇതിനിടെയാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി പങ്കുവെച്ചത്. രാഹുലിന്റെ അഭിനന്ദനത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. 

ഇതിനിടെ യു.ഡി.എഫിന് കൂടുതൽ തലവേദന സൃഷ്ടിച്ച് മുസ്ലിം ലീഗിലെ ഒരു വിഭാഗം ലോക കേരള സഭയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബഹിഷ്കരിക്കാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് നേരത്തെ ഭിന്നസ്വരം അറിയിച്ചിരുന്നെങ്കിലും മുന്നണിയുടെ പൊതുതീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. പ്രവാസി മലയാളികളുടെ വിഷയം കൈകാര്യം ചെയ്യുന്ന സഭയിൽ നിന്ന് വിട്ട് നിൽക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കൾ ഉന്നയിക്കുന്നത്. കെ.എം.സി.സി അടക്കമുള്ള സംഘടനകൾക്കും ഇതേ അഭിപ്രായമാണ്. ഇടത് പ്രവാസിസംഘടനകൾക്ക് മേഖല പിടിച്ചടക്കാനുള്ള അവസരമൊരുക്കി കൊടുക്കലാണ് ബഹിഷ്കരണത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് കെ.എം.സി.സി നേതാക്കൾ ആരോപിക്കുന്നു. ലോക കേരളസഭക്ക് ഭാവിയിൽ നിയമസാധുത കൈവരാനുള്ള സാധ്യതയും ഇവർ ചൂണ്ടിക്കാട്ടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed