മണ്ണു തിന്നല്‍ വിവാദം; ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ദീപക്കിനെതിരെ സി.പി.എം നടപടി; തരംതാഴ്ത്തി


തിരുവനന്തപുരം: തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ മണ്ണുവാരി തിന്ന സംഭവം വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് പി ദീപക്കിനെതിരെ സിപിഎം നടപടി എടുത്തു. ഏരിയാ കമ്മിറ്റി അംഗമായിരുന്ന ദീപക്കിനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. കുട്ടികള്‍ വിശപ്പ് സഹിക്കാതെ മണ്ണുവാരിത്തുന്നു എന്ന വാദത്തില്‍ ഉറച്ചുനിന്ന ദിപക്ക് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി എന്നാണ് സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും വിലയിരുത്തല്‍.  

ഇതോടെയാണ് പാര്‍ട്ടി നടപടിയിലേക്ക് നീങ്ങിയത്. വഞ്ചിയൂര്‍ ഏരിയ കമ്മറ്റി അംഗം ആയിരുന്ന ദീപക്കിനെ പേട്ട ലോക്കല്‍ കമ്മറ്റിയലേക്കാണ് തരം താഴ്ത്തിയിരിക്കുന്നത്. മണ്ണുതിന്നല്‍ വിവാദത്തില്‍ നേരത്തെ ദീപക്കിനെ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും രാജിവെപ്പിച്ചിരുന്നു. സ്ഥാനമൊഴിയാന്‍ ഏതാനും ദിവസം ശേഷിക്കെയാണ് ദീപക്കിനോട് രാജിവെക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. കൈതമുക്കില്‍ വിശപ്പടക്കാനാകാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നു എന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ദാരിദ്ര്യം മൂലം അമ്മ നാലു കുട്ടികളെ ശിശുക്ഷേമസമിതക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കുട്ടികള്‍ മണ്ണുതിന്നെന്ന പരാമര്‍ശം ദീപക് നടത്തിയത്. ഇതോടെ സംഭവം വന്‍ വിവാദമാകുകയും സര്‍ക്കാര്‍ വെട്ടിലാകുകയും ചെയ്തു. 

ആരോഗ്യമേഖലയില്‍ കേരളം വന്‍ മുന്നേറ്റം നടത്തിയെന്ന് അവകാശപ്പെടുമ്പോഴുള്ള സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായി. എന്നാല്‍ ബാലാവകാശ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ മണ്ണ് തിന്നേണ്ടിവന്നിട്ടില്ലെന്ന് കണ്ടെത്തി. അമ്മയുടെ പേരില്‍ ശിശുക്ഷേമ സമിതിക്ക് കത്തെഴുതിയത് വഞ്ചിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് സിപിഎമ്മിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed