കേരള സർക്കാർ കൂടുതൽ തുക നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിൽ ദുരൂഹത തുടരുന്നു
തിരുവനന്തപുരം: കേരള സർക്കാർ കൂടുതൽ തുക നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിൽ ദുരൂഹത തുടരുന്നു. അതീവ നക്സൽ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഢിൽ കേരളം ഇപ്പോൾ കൊടുക്കാൻ തീരുമാനിച്ചതിനേക്കാൾ പകുതി വാടക നിരക്കിലാണ് ഹെലികോപ്റ്റർ സർവീസ് നടത്തുന്നത്. ഒരു കോടി 44 ലക്ഷം രൂപയ്ക്കാണ് സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ പവൻഹംസിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ പോകുന്നത്. അതും 20 മണിക്കൂർ സർവീസിന്. അധിക സർവ്വീസിന് 67,926 രൂപ മണിക്കൂറിന് വെച്ച് നൽകണം.
എന്നാൽ ഇതേ സൗകര്യങ്ങളുള്ള ഹെലികോപ്റ്റർ ഛത്തീസ്ഗഢ് സർക്കാർ ഉപയോഗിക്കുന്നത് 25 മണിക്കൂറിന് 85 ലക്ഷം രൂപ മാത്രം വാടക നൽകിയാണ്. വിങ് ഏവിയേഷൻ എന്ന കമ്പനിയാണ് ഛത്തീസ്ഗഢ് സർക്കാറിന് സർവീസ് നടത്തുന്നത്. മറ്റു പതിനൊന്ന് സംസ്ഥാനങ്ങളിൽ പവൻ ഹംസാണ് സർവീസ് നൽകുന്നത്. പൊതുമേഖല സ്ഥാപനമാണ്. പരിപാലന ചിലവ് തുടങ്ങിയ കാരണങ്ങളാണ് ഈ കമ്പനിയെ തിരഞ്ഞെടുക്കുന്നതിലേക്ക് സർക്കാർ എത്തിയതെന്ന് കേരള പോലീസ് നൽകുന്ന വിശദീകരണം. 56 ലക്ഷത്തിന്റെ കരാർ മറികടന്നാണ് സർക്കാർ പവൻഹംസുമായി 1.44 ലക്ഷത്തിന്റെ കരാർ ഉറപ്പിക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്. 56 ലക്ഷത്തിന് 46 മണിക്കൂർ സർവീസ് നടത്താൻ രണ്ട് ഹെലികോപ്റ്റർ നൽകാമെന്ന ശുപാർശയുമായി ചിപ്സാൻ ഏവിയേഷൻ എന്ന കമ്പനി സർക്കാരിനെ സമീപിച്ചിരുന്നു.
ഒരു സിംഗിൾ എഞ്ചിനും ഒരു ഡബിൾ എഞ്ചിൻ ഹെലികോപ്റ്ററുമാണ് ഈ കരാറിൽ ഉണ്ടായിരുന്നത്. അതേ സമയം ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണത്തിലും സംസ്ഥാന സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

