യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകർക്കു നേരേയും എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകർക്കു നേരേ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിക്രമം. അദ്ധ്യാപകരുടെ നേർക്ക് തട്ടിക്കയറിയ വിദ്യാർത്ഥികൾ കോളേജിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയും അധ്യാപകരുടെ വാഹനങ്ങൾക്കു കേടുപാടുവരുത്തുകയും ചെയ്തു. കോളേജ് അവധിയായിരുന്ന തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയായിരുന്നു സംഭവം.
കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിനു പുറകുവശത്തെ കംപ്യൂട്ടർ ലാബിന്റെ നാല് ജനൽച്ചില്ലുകളാണ് ഒരുകൂട്ടം വിദ്യാർഥികൾ ആദ്യം അടിച്ചുതകർത്തത്. തുടർന്ന് ഗണിത വിഭാഗം മേധാവി എസ്.ബാബുവിന്റെ ബൈക്കിന്റെ സീറ്റും കുത്തിക്കീറി. അദ്ധ്യാപകരോടു തട്ടിക്കയറുകയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിൻസിപ്പലിന്റെയും വിവിധ വിഭാഗം മേധാവികളുടെയും അദ്ധ്യാപകരുടെയും മുന്നിലായിരുന്നു ഇവരുടെ അഴിഞ്ഞാട്ടം. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തു. ആൺകുട്ടികളെ ഇനിയും മർദിക്കുമെന്നും പെൺകുട്ടികളെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. അക്രമികളായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. എന്നാൽ, സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അടുത്ത ദിവസം ഇതു സംബന്ധിച്ച് പരിശോധിക്കുമെന്നും പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിൻസിപ്പൽ ഡോ. സുബ്രഹ്മണ്യം പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഗേറ്റ് അടച്ചിട്ട് വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി എസ്.എഫ്.ഐ. പ്രവർത്തകർ നടത്തിയ ഒരു സമരത്തെക്കുറിച്ച് പ്രിൻസിപ്പലിനു മൊഴിനൽകിയതാണ് ഇപ്പോഴത്തെ അക്രമത്തിനു കാരണം.
കോളേജ് ഗേറ്റ് അടച്ചിട്ട് വിദ്യാർത്ഥികളെ ബലമായി തടഞ്ഞതിനെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്കസമിതിയുടെ റിപ്പോർട്ടിൽ ഗേറ്റടച്ചിട്ടു എന്ന തരത്തിൽ മൊഴിനൽകിയതാണ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രകോപിതരാക്കിയത്. അച്ചടക്കസമിതി കൺവീനർ സോമശേഖരൻ പിള്ളയാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി. കോളേജിലെ ഇടിമുറിയെന്നറിയപ്പെട്ട പഴയ യൂണിയൻ ഓഫീസ് മുറിയിൽ ഇപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ലൈബ്രറിയാണ് പ്രവർത്തിക്കുന്നത്. ഇത് രണ്ടുമാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം കെട്ടിടം അടിച്ചുതകർത്തതിനു പിന്നിലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഗണിത വിഭാഗം മേധാവി എസ്.ബാബുവും എസ്.എഫ്.ഐ.യുടെ സമരം ഗേറ്റടച്ചിട്ടാണെന്നു മൊഴിനൽകിയിരുന്നു. ഈ വൈരാഗ്യമാണ് അദ്ദേഹത്തിന്റെ വാഹനത്തിനു കേടുപാടുവരുത്തിയതിനു പിന്നിലെന്നാണ് പരാതി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പരീക്ഷെയഴുതുന്ന വിദ്യാർത്ഥികളെ മാത്രം അകത്തു കടത്തിയാൽ മതിയെന്ന് പ്രിൻസിപ്പൽ നിർദേശിച്ചിരുന്നതാണ്. ഉച്ചയ്ക്കു ശേഷമായിരുന്നു പരീക്ഷ. എന്നാൽ, രാവിലെ മുതൽ എസ്.എഫ്.ഐ. നേതാക്കളും കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ പ്രതി ചേർക്കപ്പെട്ട പ്രവർത്തകരുമടക്കം കാമ്പസിനുള്ളിലെത്തിയിരുന്നുവെന്ന് അധ്യാപകരും വിദ്യാർത്ഥികളും ചൂണ്ടിക്കാട്ടുന്നു. ആരുടെയും തിരിച്ചറിയൽ കാർഡുകൾ പരിശോധിക്കുകയും ചെയ്തില്ല. അവധി ദിവസമായിട്ടും യാതൊരു പരിേശാധനയുമില്ലാതെ വിദ്യാർത്ഥികളെ കടത്തിവിട്ടതാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് പരാതിയുണ്ട്. തുടർച്ചയായി അക്രമങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോളേജിൽ വീണ്ടും പോലീസ് സംരക്ഷണം ഏർപ്പെടുത്തുന്ന കാര്യവും ആലോചനയിലാണ്.

