കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ റവന്യൂ മന്ത്രിയുടെ ഉത്തരവ്


തിരുവനന്തപുരം: കുന്നത്തുനാട് വിവാദ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖൻ ഉത്തരവിട്ടു. റിമോർട്ട് സെൻസിംഗ് സെന്ററിന്റെ റിപ്പോർട്ടിൽ ഭൂമി നിലമാണെന്ന് വ്യക്തമായതോടെയാണ് നടപടി. നടപടിക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്താൻ മന്ത്രി നിർദ്ദേശം നൽകി. റവന്യൂ അഡീഷണൽചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കുന്നത്തുനാട് ഭൂമിയുടെ 2008−ന് മുന്പുള്ള അവസ്ഥ സംബന്ധിച്ച് റിമോർട്ട് സെൻസിംഗ് സെന്റർ മന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. 

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ സ്റ്റോപ് മെമ്മോ റദ്ദാക്കിക്കൊണ്ടുള്ള റവന്യൂ  സെക്രട്ടറിയുടെ ഉത്തരവ് നിലനിൽക്കുമോ എന്ന് പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പി.എച്ച് കുര്യൻ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്നതിന് മുന്പാണ് ഈ ഉത്തരവിറക്കിയത്. ഇത് പിന്നീട് മന്ത്രി മരവിപ്പിക്കുകയുണ്ടായി. റവന്യൂ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിയും റദ്ദാക്കുകയുണ്ടായി. റിമോർട്ട് സെൻസിംഗ് സെന്റർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. കുന്നതുനാട്ടിലെ 14 ഏക്കർഭൂമി ഭരണതലത്തിൽ സ്വാധീനം ഉപയോഗിച്ച് സ്വകാര്യ കന്പനി നിലം നികത്തിയെന്നായിരുന്നു ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed