മരടിലെ ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനുശേഷമെന്ന് നഗരസഭ


കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ഒഴിയാനുള്ള കാലാവധി നാളെ അവസാനിക്കുന്നു. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചതിനുശേഷമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍.  ഫ്ലാറ്റുടമകള്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം ലഭിച്ചതിനുശേഷം മാത്രം നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ നീക്കം. ഫ്ലാറ്റുകളില്‍ നഗരസഭ പതിച്ച നോട്ടീസിന് 12 ഫ്ലാറ്റുടമകള്‍ നല്‍കിയ മറുപടി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അയച്ചതായി സെക്രട്ടറി പറഞ്ഞു. നോട്ടീസ് നിയമാനുസൃതമായല്ല നൽകിയതെന്ന ഫ്ലാറ്റുടമകളുടെ മറുപടി സർക്കാരിനും കൈമാറിയിട്ടുണ്ട്. 
അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്ലാറ്റുകളിൽ നിന്നൊഴിയില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍. നോട്ടീസ് നൽകിയത് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനും ഫ്ലാറ്റ് ഉടമകള്‍ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റിന് മുന്നില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല റിലേ സത്യാഗ്രഹവും തുടങ്ങുമെന്നും താമസക്കാര്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി അഞ്ച് ഫ്ലാറ്റുകളിലെ 357 കുടുംബങ്ങളോടും ‌അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു നഗരസഭയുടെ നിർദ്ദേശം. പത്താം തീയതിയാണ് ഇത് സംബന്ധിച്ച നഗരസഭ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്.  നോട്ടീസ് കുടുംബങ്ങൾ കൈപ്പറ്റിയിട്ടില്ലെങ്കിലും ചുവരുകളിൽ പതിപ്പിച്ച് നഗരസഭ സെക്രട്ടറി മടങ്ങുകയായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed