യൂണിവേഴ്സിറ്റി സംഘർഷം: പ്രധാന പ്രതികളെ കൊണ്ട് വന്ന് പോലീസ് തെളിവെടുത്തു
തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജിനകത്ത് കൊണ്ട് വന്ന ് പോലീസ് തെളിവെടുത്തു.
പ്രതികൾ അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓൺലൈൻ വഴിയാണെന്നാണ് റിപ്പോർട്ട്. ആവശ്യമനുസരിച്ച് നിവർത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നാണ് പോലീസ് പറയുന്നത്. കൈപ്പിടിയിൽ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പോലീസ് പറയുന്നു. അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന ചവറ് കൂനയ്കക്ക് അകത്താണ് പ്രതികൾ കത്തി ഒളിപ്പിച്ചിരുന്നത്. ഇരുന്പ് പൈപ്പും കുറുവടിയും ക്യാന്പസിനകത്ത് തെളിവെടുപ്പിനിടെ പോലീസ ് കണ്ടെത്തി. സംഘർഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ ക്യാന്പസിനകത്ത് വലിയ ബഹളമായി. നസീമിന്‍റെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെടെ പോലീസ് വന്നെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
കേസിൽ നിർണ്ണായകമായ തൊണ്ടിമുതലാണ് പോലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പോലീസ് പറയുന്നത്. പ്രതികളായ ശിവരഞ്ജിത്തും നസീമും തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പോലീസ് പറയുന്നു.
യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പോലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. അതേസമയം, യൂണിവേഴ്സിറ്റി കോളേജിനും പി.എസ്.സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.

