അഫ്ഗാൻ യുവാവ് കോഴിക്കോട്ടെത്തി: ഐ.എസ് ബന്ധം അന്വേഷിക്കാൻ നിർദ്ദേശം


കോഴിക്കോട്: സുഹൃത്തുക്കളെ കാണാനായി കോഴിക്കോട്ടെത്തിയ അഫ്ഗാനിസ്ഥാൻ യുവാവിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. കോഴിക്കോട് പഠിക്കുന്ന വിദ്യാത്ഥികളായ അഫ്ഗാൻ സ്വദേശികളെ കാണാനായെത്തിയ സിക്കന്തറിനെ (24) കുറിച്ചാണ് അന്വേഷണം തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കാസർഗോഡ്, പാലക്കാട് ജില്ലയിൽ നിന്നുള്ള യുവാക്കൾ ഐ.എസിൽ ഉൾപ്പെട്ടതായും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് സിക്കന്തറിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ട് നൽ‍കിയത്.

 കോഴിക്കോട് ഫാറൂഖ്‌ കോളേജ് പോസ്റ്റ് ഓഫീസിനു സമീപത്തുള്ള വീട്ടിൽ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന വിദ്യാർത്ഥികളെ കാണാനായാണ് സിക്കന്തർ കോഴിക്കോട് എത്തിയത്. ഇവിടെ വച്ച് കഴിഞ്ഞ ശനിയാഴ്ച ഇരുനില വീടിന്‍റെ മുകളിൽ നിന്ന് ഫോൺ വിളിക്കുന്നതിനിടെ താഴേക്ക് വീഴുകയും നട്ടെല്ലിന് പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്നാണ് സിക്കന്തറിനെ കുറിച്ചും ഇവിടെ എത്തിയതിനെ കുറിച്ചും പോലീസ് അറിയുന്നത്. സിക്കന്തറിനെ ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.  

You might also like

Most Viewed