കോടതി വിധിയുമായി കനകദുർഗ വീട്ടിൽ കയറി; ഭർത്താവും കുടുംബവും താമസം മാറി

മലപ്പുറം: ശബരിമല യുവതി പ്രവേശന വിധി വന്നതിന് ശേഷം ആദ്യമായി മലചവിട്ടിയ കനകദുർഗ പെരിന്തൽമണ്ണയിലെ ഭർത്താവിന്റെ വീട്ടിൽ തിരികെ പ്രവേശിച്ചു. പുലാമന്തോൾ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുർഗയെ വീട്ടിൽ പ്രവേശിപ്പിച്ചത്. പക്ഷേ കനകദുർഗ വീട്ടിലെത്തും മുന്പേ തന്നെ ഭർത്താവ് മക്കളേയും ഭർതൃമാതാവിനും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീട് പൂട്ടിയാണ് ഭർത്താവ് കൃഷ്ണനുണ്ണിയും ഭർതൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്. പൊലീസ് കനകദുർഗയ്ക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നൽകുന്ന സുരക്ഷ വീട്ടിലും ഉണ്ടാകും.
നേരത്തെ കനകദുർഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാൻ പാടില്ലെന്നും ഭർത്താവിന്റെ പേരിലുള്ള വീട് തൽക്കാലം ആർക്കും വിൽക്കരുതെന്നും കർശന നിർദ്ദേശം കോടതി നൽകിയിരുന്നു. ഭർത്താവിന്റെ വീട്ടിലേക്ക് പ്രവേശനം നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടി കനകദുർഗ നൽകിയ അപേക്ഷയിലായിരുന്നു വിധി. ശബരിമല ദർശനം നടത്തിയ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന നിലപാടിലായിരുന്നു ഭർത്താവിന്റെ വീട്ടുകാർ. ഈ സാഹചര്യത്തിലാണ് പരിഹാരം തേടി കനകദുർഗ്ഗ ഗ്രാമന്യായാലയത്തെ സമീപിച്ചത്.