ലക്ഷദ്വീപിനു സമീപം ന്യൂനമർദം; ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ലക്ഷദ്വീപിനു സമീപം ചുഴലിക്കാറ്റായി മാറാവുന്ന ന്യൂനമർദം രൂപംകൊണ്ടു. നാളെ ഉച്ചയ്ക്കുശേഷം ചുഴലിക്കാറ്റായി മാറി വടക്കുപടിഞ്ഞാറേക്കു നീങ്ങും. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കടലിലുള്ളവർ ഇന്നുതന്നെ തിരിച്ചെത്തണമെന്നും മുന്നറിയിപ്പ്. സംസ്ഥാനത്ത് കനത്ത മഴയും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, ഇടുക്കി ചെറുതോണി, വയനാട് ബാണാസുരസാഗർ അണക്കെട്ടുകൾ നാലുമണിക്കു തുറക്കും. ചെറുതോണിയുടെ ഷട്ടർ 50 സെന്റീ മീറ്ററായിരിക്കും ഉയർത്തുക. സെക്കൻഡിൽ 50,000 ലീറ്റർ വെള്ളം ഇതിലൂടെ പുറത്തേക്കൊഴുകും. തോട്ടപ്പള്ളി സ്പിൽവേയുടെ 21 ഷട്ടറുകൾ തുറന്നുപൊഴി വീതികൂട്ടും. ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ടി വന്നാല്‍ ഉപയോഗിക്കാവുന്ന കെട്ടിടങ്ങൾ കണ്ടെത്താൻ ആലപ്പുഴയിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.