ശബരിമല: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പ്രളയത്തിന് പിന്നാലെ പമ്പയിലുണ്ടായ നാശനഷ്ടങ്ങള്‍, നിലയ്ക്കല്‍ ഇടത്താവള വികസനം എന്നിവയും ഉന്നതതല യോഗം വിലയിരുത്തും.
അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വിയോജിപ്പ് തുടരുകയാണ്. തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. വിശ്വാസികളായി സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. വിഷയത്തില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും, ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി ബുധനാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേരുമെന്നും പത്മകുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹം ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.