പ്രായമായ സ്ത്രീകൾക്ക് കൂടുതൽ കരുതൽ വേണമെന്ന് വനിതാ കമ്മിഷൻ

കൊച്ചി : പ്രായമായ സ്ത്രീകളുടെ ഭാവി സംബന്ധിച്ചു കൂടുതൽ കരുതൽ വേണമെന്ന് വനിതാ കമ്മിഷൻ ചെയർപഴ്സൻ എം.സി ജോസഫൈൻ. വനിതാ കമ്മിഷൻ മെഗാ അദാലത്തിൽ പെരുന്പാവൂർ വെങ്ങോല സ്വദേശിയായ എൺപത്തിയേഴുകാരിയുടെ പരാതി പരിഗണിക്കവെയാണ് ചെയർപഴ്സൻ പ്രായമായസ്ത്രീകളുടെ ഭാവിജീവിതത്തെപ്പറ്റി ഉത്കണ്ഠ അറിയിച്ചത്.
ഏക മകളുടെ പേരിൽ എഴുതി നൽകിയ പരാതിക്കാരിയുടെ ഒരു ഏക്കർ വീടും പുരയിടവും മകൾ 80 ലക്ഷം രൂപയ്ക്കു വിറ്റു. അമ്മയുടെ പേരിൽ കുറച്ചു പണം ബാങ്കിൽ നിക്ഷേപിക്കുകയോ പുനരധിവാസത്തിന് നടപടി സ്വീകരിക്കുകയോ ചെയ്തില്ല. മകളുടെ ഭർത്താവിന്റെ ബന്ധുവിന്റെ പേരിലുള്ള തകർന്ന വീട്ടിലാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. മകൾക്ക് കമ്മിഷൻ നോട്ടിസ് അയച്ചിരുന്നെങ്കിലും അദാലത്തിൽ ഹാജരായില്ല. സൗജന്യ നിയമസഹായം ലഭിക്കുന്നതിനായി കേസ് കെൽസയെ ഏൽപിച്ചു. സ്വത്ത് മുഴുവൻ ലഭിച്ചശേഷം മാതാപിതാക്കളെ വഴിയാധാരമാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ചെയർപഴ്സൻ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി വനിതാ കമ്മിഷൻ 14ന് പരാതിക്കാരി താമസിക്കുന്ന വെങ്ങോലയിലെ വീട് സന്ദർശിക്കും.
അദാലത്തിൽ 78 പരാതികളാണ് ലഭിച്ചത്. 24 എണ്ണം തീർപ്പാക്കി. 13 പരാതികൾക്ക് പോലീസിൽ നിന്നും വിവിധ വകുപ്പ് മേധാവികളിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. 33 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. പെരുന്പാവൂർ മുനിസിപ്പൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ത്രീസംരംഭകയുടെ സ്ഥാപനത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട പരാതിയും പരിഗണിച്ചു.
സ്ഥാപനത്തിന്റെ പരസ്യം പൊതുജനങ്ങൾക്കു കാണാൻ സാധിക്കാത്ത രീതിയിൽ ഒരു ഇൻഷുറൻസ് കന്പനിയുടെ പരസ്യബോർഡുണ്ട്. 15 ദിവസത്തിനകം പരാതിക്കാരിയുടെ സ്ഥാപനത്തിന്റെ പരസ്യം പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന തരത്തിൽ സ്ഥലം വിട്ടുകൊടുത്ത് റിപ്പോർട്ട് നൽകണമെന്ന് പെരുന്പാവൂർ മുനിസിപ്പൽ സെക്രട്ടറിക്ക് കമ്മിഷൻ നിർദ്ദേശം നൽകി. അംഗങ്ങളായ ഷിജി ശിവജി, എം.എസ് താര, ഇ.എം രാധ, ഡയറക്ടർ വി.യു കുര്യാക്കോസ്, ലീഗൽ പാനൽ ഉദ്യോഗസ്ഥരായ സ്മിത ഗോപി, ഇ.എ അലിയാർ, ഖദീജ റിഷബത്ത്, വനിതാ സെൽ എസ്.ഐ സോൺ മേരി പോൾ, സി.പി.ഒമാർ എന്നിവർ പങ്കെടുത്തു.