സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം പൊതുജനങ്ങൾ ഏറ്റെടുത്തു : സ്പീക്കർ

തൃശ്ശൂർ : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ യജ്ഞം പൊതുജനങ്ങൾ ഏറ്റെടുത്തതിന് തെളിവാണ് വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നബാർഡിന്റെ സാന്പത്തിക സഹായത്തോടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു സ്പീക്കർ.
യു.ആർ പ്രദീപ് എം.എൽ.എ അദ്ധ്യക്ഷനായി. പി.കെ ബിജു എം.പി മുഖ്യാതിഥിയായി. പഴയന്നൂർ സ്കൂളിന് പത്ത് കന്പ്യൂട്ടറുകളും സ്കൂൾ ബസ്സും എം.പി ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് എം.പി ഉറപ്പ് നൽകി. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് ശാസ്ത്രപോഷിണി ലാബിന് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി. തങ്കമ്മ, വൈസ് പ്രസിഡണ്ട് എം. പത്മകുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജൻ, വൈസ് പ്രസിഡണ്ട് കെ.പി ശ്രീജയൻ, ത്രേസ്യാമ്മ ജോർജ്ജ്, പി. ഗീത, എം. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.