ചലച്ചിത്ര നടൻ കൊല്ലം അജിത് അന്തരിച്ചു
കൊച്ചി : ചലച്ചിത്ര നടൻ കൊല്ലം അജിത്(56) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അജിത്, പുലർച്ചെ 3.40 ഓടെയായിരുന്നു അന്തരിച്ചത്. മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടുപോയി. വീട്ടിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം വൈകിട്ട് ആറിന് കൊല്ലം കടപ്പാക്കട ശ്മശാനത്തിൽ നടത്തും.
തൊണ്ണൂറുകളിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ അജിത് അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സാന്നിധ്യം അറിയിച്ചു. രണ്ടു സിനിമകൾ സംവിധാനം ചെയ്ത് സംവിധായകന്റെ റോളിലും കഴിവ് പ്രകടിപ്പിച്ചു.
ദൂരദര്‍ശനിലെ ആദ്യകാല പരമ്പരകളിലൊന്നായ ‘കൈരളി വിലാസം ലോഡ്ജ്’ ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. പാവക്കൂത്ത്, വജ്രം, ദേവീമാഹാത്മ്യം, കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ തുടങ്ങിയ സീരിയലുകളിൽ ഇതിൽ ചിലതാണ്. മലയാളത്തിനു പുറമേ പ്രിയദർശന്റെ ഹിന്ദി ചിത്രമായ ‘വിരാസത്തി’ലും മൂന്നു തമിഴ് സിനിമകളിലും അഭിനയിച്ചു. 1987 ൽ ഇറങ്ങിയ ‘അഗ്നിപ്രവേശം’ എന്ന ചിത്രത്തിൽ നായകനായി. 2012 ൽ പുറത്തിറങ്ങിയ ‘ഇവൻ അർധനാരി’യിലാണ് ഒടുവിൽ അഭിനയിച്ചത്.
പ്രമീളയാണ് ഭാര്യ. മക്കൾ: ഗായത്രി, ശ്രീഹരി.

