ഇരിങ്ങാലക്കുടയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ റിട്ട.അധ്യാപികയായ ഭാര്യയെ വെട്ടി ക്കൊലപ്പെടുത്തിയശേഷം ഭർത്താവ് വീട്ടിൽ തൂങ്ങിമരിച്ചു. കാട്ടുങ്ങച്ചിറ കട്ടപ്പശേരി ഇമ്മാനുവേൽ (65), ഭാര്യ മേഴ്സി (62) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പതിനഞ്ചു വർഷം മുന്പ് പുല്ലൂരിൽ സ്ഥിരതാമസമാക്കിയ ദന്പതികൾ അവിടെ പുതിയ വീടുപണിയുന്നതിനാലാണ് കാട്ടുങ്ങച്ചിറയിൽ വാടകവീട്ടിൽ താമസമായത്.
ഇന്നു രാവിലെ വീട്ടിലെത്തിയ പാൽക്കാരനാണ് ആദ്യം വിവരം അറിഞ്ഞത്. മുൻവശത്തെ മുറിയിൽ ഇമ്മാനുവേൽ തൂങ്ങിനിൽക്കുന്നതാണ് പാൽക്കാരൻ കണ്ടത്. അയാൾ അയൽക്കാരെ വിളിച്ചുകൂട്ടി. തുടർന്നാണ് അടുക്കളയിൽ മേഴ്സി വെട്ടേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. കൊലപാതകത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
ഹൈദരാബാദിൽ പോലീസ് സർവ്വീസിലായിരുന്ന ഇമ്മാനുവേൽ വോളണ്ടറി റിട്ടയർമെന്റ് വാങ്ങി കുടുംബത്തോടൊപ്പം താമസമാക്കുകയായിരുന്നു. ഇവർക്ക് നാലു പെൺമക്കളാണ്. മൂത്ത മകൾ സിനിദ അമേരിക്കയിലാണ്. മകളുടെ പ്രസവം കണക്കിലെടുത്ത് അടുത്ത മാസം മാതാപിതാക്കൾ അമേരിക്കയിലേക്ക് പോകാനിരിക്കവേയാണ് ദാരുണമായ മരണം സംഭവിച്ചത്.
എന്താണ് സംഭവത്തിലേക്ക് വഴിവച്ചതെന്ന് വ്യക്തമല്ല. മറ്റു മൂന്നു മക്കളിൽ ഷാനിദ ബംഗളുരുവിലാണ്. ഇളയ മക്കളായ ഷിജിദയും ഷാബിദയും വിവാഹിതരാണ്. ഇവർ നാട്ടിൽ തന്നെയാണ് താമസം.