സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല സമരം ജനങ്ങളെ വലച്ചു

തിരുവനന്തപുരം : സർക്കാർ പ്രഖ്യാപിച്ച ബസ് നിരക്ക് വർദ്‍ധന അപര്യാപ്തമല്ലെന്ന് ചുണ്ടിക്കാട്ടി സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം ജനത്തെ വലച്ചു. മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകൾ അറിയിച്ചു. യാത്രക്കാരിൽ 60 ശതമാനവും വിദ്യാർത്ഥികളാണ്. ഇവരുടെ നിരക്ക് വർദ്ധിപ്പിക്കാതെയുള്ള നിരക്ക് വർദ്ധന അംഗീകരിക്കില്ലെന്നുമാണ് ബസ് ഉടമകളുടെനിലപാട്. യാത്രക്കൂലി വർദ്ധിപ്പിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ആനുകൂല്യം നൽകേണ്ടെന്നാണ് സംയുക്ത സമരസമിതിയുടെതീരുമാനം.
ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വിവിധ സംഘടനകളിലെ ഓരോ ഭാരവാഹികൾ സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് സംയുക്ത സമരസമിതി ചെയർമാൻ ലോറൻസ് ബാബു പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാ നിരക്കിന് പുറമേ സൗജന്യ യാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെർമിറ്റുകൾ പുതുക്കി നൽകുക, വർദ്ധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നൽകുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി. പരിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകൾ മുന്നോട്ടുവെച്ചിരുന്നു.
സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ച് ബസ് നിരക്ക് വർദ്ധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഓർഡിനറി ബസ്സിന്റെ മിനിമം നിരക്ക് എട്ടുരൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേതു 11 രൂപയായും സൂപ്പർ ഫാസ്റ്റിന്റെ മിനിമം നിരക്കു 15 രൂപയായും ഉയർത്താനാണ് തീരുമാനിച്ചത്. 12 സംഘടനകൾക്ക് കീഴിലെ 14,500−ഓളം സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. സ്വകാര്യ ബസുകൾ പണിമുടക്കുന്നതിനാൽ കെ.എസ്.അർ.ടി.സി അധിക സർവ്വീസ് നടത്തുന്നുണ്ട്.
അതേസമയം സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ അങ്ങോട്ട് ചർച്ചയ്ക്ക് പേകേണ്ട ആവശ്യമില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സമരത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന് അവർ തിരിച്ചറിയണം. നിരക്കുവർദ്ധനയുമായി ബന്ധപ്പെട്ട് ബസുടമകൾക്ക് പ്രതിഷേധമുണ്ടെങ്കിൽ അത് സർക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
സമരത്തിൽ കഷ്ടപ്പെടുന്നത് സാധാരണക്കാരും വിദ്യാർത്‍ഥികളുമാണ്. ബസുടമകൾ ഇക്കാര്യം തിരിച്ചറിയണം. ചർച്ചയ്ക്ക് സർക്കാർ മുൻകൈ എടുക്കേണ്ട ആവശ്യമില്ലെന്നും നേരത്തെ തീരുമാനിച്ച സമരവുമായി അവർ മുന്നോട്ടുപോകുകയായിരുന്നുവെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.