ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക്

തിരുവനന്തപുരം : കോടികളുടെ സാന്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്ക് ദുബൈയിൽ യാത്രാവിലക്ക്. ബിനോയിയെ ദുബൈയിലെ വിമാനത്താവളത്തിൽ പോലീസ് തടഞ്ഞുവെന്നാണ് വിവരം. ജാസ് ടൂറിസം കന്പനി നൽകിയ ചെക്ക് കേസിലാണ് നടപടി. ബിനോയിയുടെ പാസ്പോർട്ട് പിടിച്ചെടുത്തെന്നും റിപ്പോർട്ടുകളുണ്ട്.
ബിനോയ് കോടിയേരിക്കെതിരെ യൂ.എ.ഇ പൗരനും ദുബൈ ജാസ് ടൂറിസം കന്പനി ഉടമയുമായ ഹസൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖി വീണ്ടും സിവിൽ കേസ് നൽകിയതോടെയാണ് എമിഗ്രേഷൻ അധികൃതർ യാത്ര വിലക്കിയത്. ഈ മാസം ഒന്ന് മുതലാണ് വിലക്ക് നിലവിൽ വന്നത്. ഇതോടെ ബിനോയിക്ക് ദുബൈയിക്ക് പുറത്ത് കടക്കാനാകില്ല. സാന്പത്തിക ഇടപാടിൽ ഇരുവരും തമ്മിൽ ഒത്തുതീർപ്പിനുള്ള നീക്കങ്ങൾ സി.പി.എമ്മിന്റെ നേതൃത്വത്തിലും മറ്റും നടത്തിയിരുന്നു. അവയൊന്നും ഫലം കണ്ടില്ലെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പത്ത് ലക്ഷം ദിർഹം (1.74 കോടി രൂപ) നൽകുന്നതിന് പരാജയപ്പെട്ടതിനാൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് നോട്ടീസിൽ പറയുന്നത്. പണം അടയ്ക്കുകയോ കേസ് തീർപ്പാക്കുകയോ ചെയ്താൽ ബിനോയ്ക്കെതിരായ യാത്രവിലക്ക് നീക്കാൻ സാധിക്കും. ജനുവരി 25ന് യു.എ.ഇ ക്രിമിനൽ അന്വേഷണ വിഭാഗത്തിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബൈയിലേക്ക് പോയത്. കേസുകൾ അവിടെ ഒത്തുതീർപ്പാക്കുന്നതിനായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്.
അതേസമയം ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച ഹസൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റി വെച്ചിരുന്നു. ബിനോയ്ക്കൊപ്പം സാന്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ശ്രീജിത്ത് വിജയനെകുറിച്ചുള്ള പരാമർശങ്ങൾ പാടില്ലെന്ന കോടതി ഉത്തരവിനെ തുടർന്നാണ് ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖിയുടെ വാർത്താസമ്മേളനം മാറ്റിയത്. ഇയാൾ ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണ്.
അതേസമയം ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് പരിഹരിക്കാൻ സി.പി.എം ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. യാത്രാവിലക്ക് ബിനോയ് കോടിയേരിയുടെ സ്വകാര്യപ്രശ്നമാണ്. കോടതിക്ക് അകത്തോ പുറത്തോ പ്രശ്നം പരിഹരിക്കാൻ ബിനോയ് കോടിയേരി തന്നെയാണ് ശ്രമിക്കേണ്ടതെന്നും എസ്. രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.