അനധികൃതമായി പ്രവർത്തിച്ച 15 ഹോട്ടലുകളുടെ പ്രവർത്തനം നിർത്തി വെയ്പ്പിച്ച

തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ സെക്രട്ടേറിയറ്റിനു സമീപമുള്ള 15 ഹോട്ടലുകളുടെ പ്രവർത്തം നിർത്തിവയ്പ്പിച്ചു. ഒട്ടേറെ പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് 10 സ്പെഷൽ സ്വകാഡുകളായി 60 ഹോട്ടലുകളിൽ ഇന്നലെ പരിശോധന നടത്തിയത്.
ലൈസൻസില്ലാതെയും ശുചിത്വമാനദണ്ധങ്ങൾ പാലിക്കാതെയും പ്രവർത്തിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ഹൗസിംഗ് ബോർഡ് കന്റീൻ, വാൻറോസ് ജംക്‌ഷനിലെ ഭക്ഷണശാല, പാളയത്തെ ദീപ ഹോട്ടൽ, ഹോട്ടൽ കസാമിയ, ട്രിവാൻഡ്രം കഫറ്റീരിയ, ഹോട്ടൽ ചിരാഗ് എന്നിവയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഇതിനുപുറമേ ശുചിത്വമില്ലാതെയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാവുന്ന സാഹചര്യങ്ങളുണ്ടെന്നു കാണിച്ചു വാൻറോസ് ജംക്‌ഷനിലെ ഹോട്ടൽ അരോമ ക്ലാസിക്, പാളയം ഗുലാൻ ഫാസ്റ്റ് ഫുഡ്, ഹോട്ടൽ ടീകേ ഇന്റർനാഷനൽ പാളയം, സ്റ്റാച്യു ജംക്‌ഷനിലെ ഹോട്ടൽ അരുൾ ജ്യോതി, പാളയത്തെ ഹോട്ടൽ സംസം, കേരള യൂണിവേഴ്സിറ്റി ലൈബ്രററി കന്റീൻ, എ.കെ.ജി സെന്ററിനു സമീപമുള്ള കുട്ടനാട് റസ്റ്ററന്റ്, വാൻറോസ് ജംഗ്‌ഷനിലെ തനി നാടൻ ഊൺ എന്നിവയുടെ പ്രവർത്തനവും നിർത്തിവയ്പ്പിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ധങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ 10 സ്ഥാപനങ്ങളിൽ നിന്നു 3.42 ലക്ഷം രൂപ ഈടാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു.