ബാവലിയിൽ വീണ്ടും കടുവ ഇറങ്ങി : പശുവിനെ ആക്രമിച്ചു

മാനന്തവാടി : തിരുനെല്ലി പഞ്ചായത്തിലെ ബാവലിയിൽ വീണ്ടും കടുവയുടെ ശല്യം. കർണാടക അതിർത്തി ഗ്രാമമായ ബാവലിയിലെ പായ്മൂല സൂരേഷിന്റെ പശുവിനെയാണ് ഇന്നലെ വൈകുന്നേരം നാലോടെ കടുവ ആക്രമിച്ചത്. ശബ്ദം കേട്ട് സമീപവാസികൾ എത്തിയാണ് കടുവയെ ഓടിച്ചത്.
പശുവിന്റെ കഴുത്തിനും കാലിനും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വനപാലകർ സ്ഥലത്തെത്തി. കഴിഞ്ഞ മാസവും സുരേഷിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന എട്ടു മാസം ഗർഭിണിയായിരുന്ന പശുവിനെ കടുവ കൊന്നിരുന്നു. സമീപത്തു തന്നെ പോത്തിനെയും ആടിനെയും കടുവ കൊല്ലുകയും ഒട്ടേറെ വളർത്തുമൃഗങ്ങളെ പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ബാവലി, ഷാണമംഗലം, തോണിക്കടവ് തുടങ്ങിയ പ്രദേശങ്ങളിൽ കടുവയുടെ ആക്രമണം അനുദിനം വർധിച്ചുവരികയാണ്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.