കടൽ ദുരന്ത രക്ഷാപ്രവർത്തനത്തിന് ബേസ് സ്റ്റേഷൻ സ്ഥാപിക്കാൻ പദ്ധതി

കോഴിക്കോട് : ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേഗത്തിൽ സാധ്യമാക്കുന്നതിനുമായി കോഴിക്കോട് വെള്ളയിൽ ആസ്ഥാനമായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ഡിസാസ്റ്റർ മാനേജ്മെന്‍റ് ബേസ് േസ്റ്റഷൻ സ്ഥാപിക്കും.
പദ്ധതിയുടെ രൂപരേഖ ഹാർബർ എൻജിനിയറിംഗ് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എം.എ. മുഹമ്മദ് അൻസാരി കളക്ടറേറ്റിൽ നടന്ന ദുരന്ത നിവാരണ സമിതി യോഗത്തിൽ അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടർ യു.വി. ജോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ. ദാസൻ എം.എൽ.എ എന്നിവർ സന്നിഹിതരായിരുന്നു. മത്സ്യതൊഴിലാളികൾ കടൽ ദുരന്തങ്ങളിൽപ്പെടുന്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് വിവിധ വകുപ്പുകളുടെ ഏകോപനം അത്യാവശ്യമാണ്.
കോസ്റ്റ് ഗാർഡ്, നാവികസേന, റവന്യൂ, തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ്, ഫയർ ആൻഡ് സേഫ്റ്റി എന്നിവയിലെ ഉദ്യോഗസ്ഥർ കൂട്ടായാണ് രക്ഷാപ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത്. എന്നാൽ വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുന്ന ഈ ഓഫീസുകളുടെ ഏകോപിച്ചുളള പ്രവർത്തനം വേണ്ടത്ര കാര്യക്ഷമമാവാറില്ല. ഈ സാഹചര്യത്തിലാണ് ബേസ് േസ്റ്റഷൻ സ്ഥാപിച്ച് കേന്ദ്രീകൃത രക്ഷാപ്രവർത്തനത്തിന് സൗകര്യം ഒരുക്കുന്നത്.
110 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ബേസ് േസ്റ്റഷനിൽ ഹെലിപാഡ്, വാർഫ്, പുലിമുട്ട്, കണ്‍ട്രോൾ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാവും. ദുരന്ത കാലത്ത് മാത്രമേ ബേസ് േസ്റ്റഷൻ പരിപൂർണമായി ആവശ്യം വരികയുള്ളൂ എന്നതിനാൽ മറ്റ് അവസരങ്ങളിൽ ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കാനാവും. മേൽക്കൂര സോളാർ വൈദ്യുതി ഉൽപ്പാദനത്തിനും മഴവെള്ള സംഭരണത്തിനും പ്രയോജനപ്പെടുത്തും. പുലിമുട്ടിൽ സൈക്കിൾ സവാരിക്കും ജോഗിങ്ങിനും സൗകര്യമുണ്ടാവും. ഹെലിപാഡ് വി.ഐ.പികളുടെ സന്ദർശന സമയത്തും പ്രയോജനപ്പെടുത്താനാവും.
ഓഖി ദുരന്ത വേളയിൽ ബോട്ട് ഉടമകൾക്ക് മത്സ്യത്തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തിൽ ബോട്ട് ഉടമകളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. രണ്ടുകോടി രൂപ വരെ ചെലവിൽ ബോട്ടുകൾ കടലിൽ ഇറക്കുന്ന ഉടമകൾ സുരക്ഷാ ഉപകരണങ്ങളോ, തൊഴിലാളികളുടെ വിവരങ്ങളോ സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ യോഗത്തെ അറിയിച്ചു.