ഗെയിൽ പൈപ്പ് ലൈൻ : പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

കോഴിക്കോട് : കൊച്ചി-−മംഗളൂരു വാതക പൈപ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വീട് നഷ്ടപ്പെടുന്നവർക്കും 10 സെന്‍റിന് താഴെ മാത്രം സ്വത്തുള്ളവർക്കുമാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍റെ നേതൃത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
പൈപ് ലൈൻ പദ്ധതിക്കായി സ്ഥലം വിട്ടു നൽകുന്ന 10 സെന്‍റിൽ താഴെ മാത്രം സ്വത്തുള്ള ഭൂഉടമകൾക്കും പദ്ധതിക്കായി വീട് വിട്ടു നൽകുന്നവർക്കും പുനരധിവാസം ഉറപ്പാക്കാൻ ഗെയിലിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. ചില വീടുകളുടെ തൊട്ടുമുന്പിലൂടെയാണ് പൈപ് ലൈൻ കടന്ന് പോകുന്നത്. ഇത്തരം വീടുകളെ സംരക്ഷിച്ച് മാത്രമേ പദ്ധതിയുടെ പണി പുരോഗമിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
വീടുകളുടെ തൊട്ടടുത്തുകൂടെ പൈപ്ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടങ്ങളിൽ 20 മീറ്ററിൽ കിള കീറി പൈപ്പ് സ്ഥാപിക്കില്ല. പകരം പൈപ്പ് സ്ഥാപിക്കാൻ ആവശ്യമായ 10 മീറ്റർ മാത്രം തുരന്ന് പൈപ്പ് സ്ഥാപിക്കാനും തീരുമാനമായി. കേന്ദ്ര അക്യുസേഷൻ ആക്ട് പ്രകാരമാണ് പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. ആക്ടിന്‍റെ ചട്ട പ്രകാരം വിപണി വിലയുടെ 10 ശതമാനം മാത്രമാണ് സ്ഥലം വിട്ടു നൽകുന്നവർക്ക് വിതരണം ചെയ്യാൻ സാധിക്കുക. എന്നാൽ വിപണി വിലയുടെ അഞ്ചിരട്ടിയാണ് ഇപ്പോൾ നൽകുന്നത്. പരമാവധി വർദ്ധിപ്പിച്ച വില ആയിരിക്കും ജനങ്ങൾക്ക് നൽകുകയെന്നും മന്ത്രി പറഞ്ഞു. വയൽ പ്രദേശത്ത് വിലക്കുറവുള്ളതിനാൽ നഷ്ടപരിഹാരം വർദ്ധിപ്പിക്കാനായി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ പരമാവധി വില നൽകാൻ ഗെയിൽ തയാറാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിജ്ഞാപനം നടത്തിയ സ്ഥലത്തെ ഭൂമിയുടെ രേഖ ഹാജരാക്കിയാൽ ഒരാഴ്ചയ്ക്കുള്ളിൽ പണം നൽകും. നിർമ്മാണം തുടങ്ങാനുള്ള സ്ഥലത്ത് പണി തുടങ്ങുന്പോൾ അഡ്വാൻസ് നൽകും. മൂന്നാഴ്ചയ്ക്കുള്ളിൽ രേഖകൾ സഹിതം ഹാജരായാൽ മുഴുവൻ പണവും നൽകും. ഇതേ കുറിച്ച് വ്യക്തത വരുത്തുന്നതിനായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കും. മൂന്ന് കേന്ദ്ര ഏജൻസിയുടേയും സംസ്ഥാനത്തെ ഒരു ഏജൻസിയുടെയും പരിശോധന കഴിഞ്ഞ ശേഷമാണ് വാതകം കടന്നു പോവുക. ഇതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. പൂർണ സുരക്ഷ ഉറപ്പുവരുത്തും വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.