വാഹന രജിസ്ട്രേഷൻ : നടി അമല പോൾ വൻ നികുതി വെട്ടിപ്പ് നടത്തിയതായി ആക്ഷേപം

കൊച്ചി : മലയാളിയായ തെന്നിന്ത്യൻ നടി അമലാ പോൾ വാഹന രജിസ്ട്രേഷന്റെ പേരിൽ നികുതി വെട്ടിച്ചതായി ആക്ഷേപം. നാലു മാസം മുന്പാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ലാസ് വാങ്ങിയത്. ചെന്നൈയിൽ നിന്ന് വാങ്ങിയ കാർ പിന്നീട് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, കാർ ഇപ്പോൾ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്.
കേരളത്തിൽ കാർ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ടി വരുമായിരുന്നു. പോണ്ടിച്ചേരിയിൽ നികുതി കുറവായതിനാൽ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതിയിനത്തിൽ നൽകേണ്ടി വന്നത്. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരനായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ചാൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല കാർ വാങ്ങിയത്. തുടർന്ന് ഒന്പതാം തീയതി നടിക്ക് നേരിട്ട് അറിയാത്ത എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ മേൽവിലാസത്തിൽ പോണ്ടിച്ചേരിയിൽ കാറിന്റെ രജിസ്ട്രേഷൻ നടത്തി. സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.