സ്വർണക്കടത്ത് കേസിലെ പ്രതിക്കൊപ്പം ഇടത് എം.എൽ.എമാർ : ചിത്രങ്ങൾ പുറത്ത്

കോഴിക്കോട് : ആഡംബരകാർ വിവാദത്തിനു പിന്നാലെ ഇടതുമുന്നണിയെ വീണ്ടും വെട്ടിലാക്കി എം.എൽഎമാർ. കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയും ഡി.ആർ.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത അബ്ദുൾ ലൈസിനൊപ്പം എം.എൽ.എമാരായ പി.ടി.എ റഹീമും കാരാട്ട് റാസഖും നിൽക്കുന്ന ചിത്രം പുറത്ത്. ഒരു പൊതുപരിപാടിയിൽ എം.എൽ.എമാർ പ്രതിക്കൊപ്പം നിൽക്കുന്നതാണ് ചിത്രം.
കൊടുവള്ളിയിലെ രാഷ്ട്രീയ നേതൃത്വത്തിന് സ്വർണ്ണക്കള്ളക്കടത്ത് സംഘവുമായുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ഡി.ആർ.ഐ രജിസ്റ്റർ ചെയ്ത സ്വർണ്ണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് കൊടുവള്ളി സ്വദേശി അബ്ദുൾ ലൈസ്. ഇയാൾ ഒളിവിൽ പോയതിനെ തുടർന്ന് ഡി.ആർ.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ ഏത് വിമാനത്താവളത്തിലും അബ്ദുൾ ലൈസിറങ്ങിയാൽ അറസ്റ്റ് ചെയ്യപ്പെടും.
കഴിഞ്ഞ ജനുവരി രണ്ടിനാണ് എം.എൽ.എമാർ ദുബൈ സന്ദർശിച്ചത്. കരിപ്പൂർ വിമാനത്താവളം വഴി ആറ് കിലോ സ്വർണ്ണം കടത്തിയ കേസിൽ അബ്ദുൾ ലൈസ് പ്രതിയാണ്. ലൈസിനൊപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി നബീലും അബ്ദുൾ ഖാദറും ഒളിവിലാണ്. ഈ കേസിലെ ഏഴാം പ്രതിയാണ് കാരാട്ട് ഫൈസൽ. ഇയാളുടെ കാറിൽ ജനജാഗ്രതയാത്രക്കിടെ കോടിയേരി കയറിയത് വിവാദമായിരുന്നു.