ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് : അന്വേഷണം ശക്തമാക്കി

കണ്ണൂർ : ഡ്രൈവിംഗ് അറിയാത്തവർക്കും പണം നൽകിയാൽ ലൈസൻസ് നൽകുന്ന സംഘങ്ങൾക്കെതിരെ മോട്ടോർവാഹന വകുപ്പ് അന്വേഷണം ശക്തമാക്കി. ഇന്നലെ നടത്തിയ പരിശോധനയിൽ ഇപ്രകാരമുള്ള ഏഴ് ലൈസൻസുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്തതിൽ മൂന്നെണ്ണം ഹുൻസൂരിൽ നിന്നും രണ്ടെണ്ണം മണിപ്പൂരിൽ നിന്നും ഓരോന്നുവീതം മഹാരാഷ്ട്രയിലും ആന്ധയിൽ നിന്നും ഉള്ളവയാണ്. ഇതിൽ ഹുൻസൂർ ലൈസൻസുള്ള ഒരാൾക്ക് ഇരുചക്രവാഹനം മാത്രം ഓടിക്കാൻ അറിയാം. എന്നാൽ, ലൈറ്റ് മോട്ടോർ വെഹിക്കിളിന്റെയും ത്രീവീലറിന്റെയും ലൈസൻസ് കൂടിയുണ്ട്. മണിപ്പുർ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര ലൈസൻസുകൾ പരിശോധിച്ചതിൽ നിന്ന് ഔദ്യോഗികമായി നൽകിയവയല്ല.
തലശ്ശേരി ജോയിന്റ് ആർ.ടി.ഒ എ.കെ രാധാകൃഷ്ണൻ നൽകിയ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഒറ്റ ദിവസം തന്നെ ഇരിട്ടി മേഖലയിൽ നിന്ന് ഇത്രയും ലൈസൻസുകൾ പിടികൂടിയത്. തലശ്ശേരി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മോഹൻകുമാർ, അസി. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.പി റിയാസ്, ഇ.ജയറാം, ജെ.വൈകുണ്ധൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ലൈസൻസ് ഉടമകളോട് വാഹനം ഓടിക്കാൻ പഠിച്ച് സംസ്ഥാനത്ത് നിന്നുള്ള ലൈൻസസ് ലഭ്യമാക്കാൻ അന്ത്യശാസനം നൽകി.
ആറുമാസത്തിലധികമായി മേഖലയിൽ ഹുൻസൂർ ലൈസൻസ് ലഭ്യമാക്കുന്ന ഏജന്റുമാർ ശക്തമാണെന്നാണ് അധികൃതർക്ക് വിവരം ലഭിച്ചിട്ടുള്ളത്. മണിപ്പൂർ ലൈസൻസ് പേരാവൂരിൽ നിന്നുള്ള ഏജന്റാണ് ലഭ്യമാക്കിയതെന്നും ഹുൻസൂർ ലൈസൻസ് ലഭ്യമാക്കാൻ കൂട്ടുപുഴ, വള്ളിത്തോട്, കാഞ്ഞിരക്കൊല്ലി, പേരാവൂർ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സാധാരണയായി ടാക്സി വാഹനങ്ങളാണ് കൂടുതലായും മോട്ടോർവാഹന വകുപ്പ് പരിശോധിക്കാറുള്ളത്. വ്യാജ ലൈസൻസ് ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇന്നലെ മുതൽ ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും കൂടുതലായി പരിശോധിച്ചപ്പോഴാണ് ഇവ കണ്ടെത്തിയത്.