അതിരപ്പിള്ളി : സി.പി.ഐയ്ക്ക് വിവരക്കേടെന്ന് മന്ത്രി മണി


തിരുവനന്തപുരം : അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയെ എതിർ‍ക്കുന്ന സി.പി.ഐ നടപടിക്കെതിരേ രൂക്ഷ വിമർ‍ശനവുമായി വൈദ്യുത മന്ത്രി എം.എം മണി രംഗത്ത്.   പദ്ധതിയെ സി.പി.ഐ എതിർക്കുന്നത് അവരുടെ വിവരക്കേടുകൊണ്ടാണെന്ന് അദ്ദേഹം പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സി.പി.എമ്മിന്‍റെയും കെ.എസ്.ഇ.ബിയുടെയും നിലപാടെന്ന് പറഞ്ഞ മന്ത്രി സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും അറിയിച്ചു.

കാര്യങ്ങൾ‍ അറിയാതെയാണ് ഘടകകക്ഷി പദ്ധതിയെ എതിർ‍ക്കുന്നത്. എല്ലാവർ‍ക്കും വൈദ്യുതി വേണം എന്നാൽ‍ പദ്ധതി നടപ്പാക്കുന്പോൾ‍ പരിസ്ഥിതിയെന്ന് പറഞ്ഞ് മുടക്കുന്നതാണ് രീതി. പരിസ്ഥിതി പ്രശ്‌നമുണ്ടെങ്കിൽ‍ അത് പരിഹരിച്ച് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും. സി.പി.ഐ ഇനിയും സമ്മർദ്ദം തുടരുകയാണെങ്കിൽ‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയുമെന്നും അദ്ദേഹം അറിയിച്ചു.   സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മന്ത്രി രൂക്ഷ വിമർശനങ്ങ‍ളാണ് നടത്തിയത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് അത് പാർട്ടി നിലപാടല്ലെന്ന് പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ല− മണി പറഞ്ഞു.

കോടികൾ‍ ചിലവഴിച്ച് വൈദ്യുതി വാങ്ങുന്നത് തടയാനാണ് വൈദ്യുതി നിലയം നിർ‍മ്മിക്കുന്നത്. ഇത് തടയുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണ്. പദ്ധതി നടപ്പാക്കുന്നത് നാടിന് വേണ്ടിയാണ് അല്ലാതെ തന്റെ സ്വകാര്യ ആവശ്യത്തിനല്ലെന്നും അദ്ദേഹം പറഞ്ഞു.  പിണറായിക്കെതിരേ സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു നടത്തിയ വിവാദ പരാമർ‍ശത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുന്നണി സംവിധാനത്തിൽ‍ ഒന്നിച്ച് നിൽ‍ക്കുന്നതാണ് നല്ലെതെന്നും മലർ‍ന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർ‍ക്ക് ഗുണം ചെയ്യുമെന്നും മണി പറഞ്ഞു. 

മണിയുടെ പ്രസതാവനകളെ തള്ളിയ സി.പി.ഐ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ചു. അസിസ്റ്റന്‍റ് സെക്രട്ടറി കെ.പ്രകാശ് ബാബുവാണ് മന്ത്രിയുടെ വാക്കുകളെ തള്ളി രംഗത്തെത്തിയത്. മന്ത്രിസഭാംഗങ്ങൾ തന്നെ മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള നിലപാടുകളെടുക്കുന്നത് ശരിയല്ലെന്നും ചിലമന്ത്രിമാരുടെ നാവുദോഷം മൂലമാണ് സർക്കാർ നടപ്പിലാക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലേയ്ക്ക് എത്താതെന്നും പ്രകാശ് ബാബു തുറന്നടിച്ചു. അതിരപ്പിള്ളി സംബന്ധിച്ച് അനുകൂല നിലപാടെടുക്കുന്പോൾ സി.പി.എമ്മല്ല എൽ.ഡി.എഫാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് മന്ത്രിയേപ്പോലുള്ളവർ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയുടെ പ്രകടന പത്രികയിൽ ഇല്ലാത്ത കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്പോൾ അതിനെ എതിർക്കാതിരിക്കുന്നത് എെങ്ങനെയാണെന്ന് ചോദിച്ച പ്രകാശ് ബാബു മണിയെ നിയന്ത്രിക്കണമെന്ന് സി.പി.എമ്മിനുള്ളിൽ തന്നെ അഭിപ്രായമുണ്ടെന്നും പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരായ മണിയുടെ വിമർശനങ്ങളെയും അദ്ദേഹം തള്ളി. ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഏതെങ്കിലും വിഷയത്തിൽ നിലപാട് പറയിക്കേണ്ട കാര്യം കാനത്തിനില്ല. കാനം പറഞ്ഞത് സുചിന്തിതമായ അഭിപ്രായങ്ങളാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed