തീരദേശമേഖലയിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭ്യാസത്തിന് പദ്ധതി
ചവറ : തീരദേശമേഖലയിലെ 20 ലക്ഷം വിദ്യാർത്ഥികൾക്ക് മികവാർന്ന വിദ്യാഭ്യാസത്തിന് സമഗ്രപദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ചവറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ശതാബ്ദി മന്ദിരത്തിന് വേണ്ടി നിർമ്മിച്ച രണ്ടാംനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികളുടെ വീടുകളിൽ വൈഫൈ സൗകര്യങ്ങളോടുകൂടി കന്പ്യൂട്ടർ ശൃംഖല ഏർപ്പെടുത്തും.
സ്കൂളിൽ 12 കോടി രൂപ ചെലവിൽ കെട്ടിടസമുച്ചയം നിർമ്മിക്കുമെന്നും അവർ പറഞ്ഞു. യോഗത്തിൽ പൂർവ്വവിദ്യാർത്ഥികൂടിയായ എൻ. വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വിജയോത്സവത്തിൽ കഴിവുതെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് കെ. ജഗദമ്മ വിതരണം ചെയ്തു. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ അദ്ധ്യാപകനായ എസ്. നൗഷാദിനെ ചടങ്ങിൽ അനുമോദിച്ചു. മറ്റുള്ളവർ സംസാരിച്ചു.

