മൊബൈൽ ഫോൺ : പൊലീസിനെ കുഴക്കി അഡ്വ. പ്രതീഷ് ചാക്കോ


കൊച്ചി : നടിയെ അപകീർത്തിപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ തൊണ്ടി മുതലായ മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്ത അഡ്വ. പ്രതീഷ് ചാക്കോ പൊലീസിനെ കുഴക്കുന്നു. മൊബൈൽ ഫോൺ ജൂനിയർ അഭിഭാഷകനെ ഏൽപിച്ചതായി ആദ്യം മൊഴി നൽകിയ പ്രതീഷ് പിന്നീടു മൊബൈൽ നശിപ്പിച്ചിട്ടുണ്ടാവാമെന്നും പറഞ്ഞു. എന്നാൽ ഫോൺ വിഐപി ഏറ്റുവാങ്ങിയെന്നു പിന്നീട് തിരുത്തി. പൊലീസിന്റെ പിടിയിൽ അകപ്പെടാതെ കോടതിയിൽ കീഴടങ്ങാൻ പ്രതി സുനിൽകുമാർ (പൾസർ സുനി) അഭയം തേടിയതു പ്രതീഷ് ചാക്കോയുടെ ഓഫിസിലാണ്.

മൊബൈൽ ഗോശ്രീ പാലത്തിൽ‌ നിന്നു കായലിലേക്ക് എറിഞ്ഞതായി മൊഴി നൽകി അന്വേഷണ സംഘത്തെ വഴിതെറ്റിക്കാൻ സുനിലിനോടു നിർദേശിച്ചതു പ്രതീഷ് ചാക്കോയാണ്. കീഴടങ്ങാനെത്തി പൊലീസിന്റെ പിടിയിലായ ശേഷവും സുനിലുമായി പ്രതീഷ് സംസാരിച്ചിരുന്നു. പ്രതിയുടെ ബാഗും വസ്ത്രങ്ങളും വക്കീൽ ഓഫിസ് പരിശോധിച്ചു പൊലീസ് പിടിച്ചെടുത്തിരുന്നു. നിയമ സഹായത്തിനപ്പുറം പ്രതിയുടെ കുറ്റകൃത്യം മറയ്ക്കാനുള്ള സഹകരണം അഭിഭാഷകൻ നൽകിയതിനെ തുടർന്നായിരുന്നു പൊലീസിന്റെ നടപടി. ഇക്കാര്യങ്ങൾ പൊലീസ് കോടതിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും അന്വേഷണ സംഘത്തിനു കൈമാറുമെന്ന ഉറപ്പിലാണു ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ഇയാൾക്കെതിരെ പൊലീസ് ചുമത്തിയത്. എന്നാൽ, കേസിലെ പ്രധാന കണ്ണിയെ സംരക്ഷിക്കുന്ന നിലപാടിൽ അഭിഭാഷകൻ ഉറച്ചു നിന്നാൽ ഗൂഢാലോചന, തൊണ്ടി നശിപ്പിക്കൽ, പ്രതികളെ സംരക്ഷിക്കൽ തുടങ്ങിയ ഗൗരവമുള്ള വകുപ്പുകളും ചുമത്തുമെന്ന നിലപാടിലാണു പൊലീസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed