സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന്റെ കാര്യത്തിൽ സർക്കാർ കൂടുതൽ കുരുക്കിലേക്ക്
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന്റെ കാര്യത്തിൽ സർക്കാർ കൂടുതൽ കുരുക്കിലേക്ക്. വൻതോതിൽ സീറ്റുകൾ മാനേജ്മെന്റുകൾക്ക് അടിയറ വയ്ക്കുന്നതിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും സർക്കാർ നടപടി ഇഴഞ്ഞുനീങ്ങുകയാണെന്ന് പാരാതിയുണ്ട്. സർക്കാരുമായി കരാർ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ രണ്ടു തട്ടിലാണ്. അസോസിയേഷൻ സെക്രട്ടറിയുടെ കോളജ് ഉൾപ്പെടെ എട്ടു കോളജുകൾ കരാറിനു സന്നദ്ധത അറിയിച്ചപ്പോൾ പ്രസിഡന്റിന്റെ കോളജ് ഉൾപ്പെടെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.
എംഇഎസ്, കാരക്കോണം, മലബാർ, ഗോകുലം മെഡിക്കൽ കോളജുകൾക്കു പുറമെ അസീസിയ, പരിയാരം, കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾകൂടി സർക്കാരുമായി കരാറിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ കോളജുകളിൽനിന്നു കരാറിനു സന്നദ്ധത ക്ഷണിച്ചു കാത്തിരിക്കുകയാണു സർക്കാർ. കരാറിനു സന്നദ്ധത അറിയിച്ച രണ്ടു മെഡിക്കൽ കോളജുകൾ മുൻ വർഷങ്ങളിൽ പ്രവേശനത്തിൽ ക്രമക്കേടു കാട്ടിയതിനു നടപടി നേരിട്ടവരാണ്. സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കു രണ്ട് അലോട്മെന്റ് നടത്തുന്നതിനു തങ്ങൾക്ക് എതിർപ്പില്ലെന്ന് അസോസിയേഷൻ സെക്രട്ടറി അനിൽകുമാർ വള്ളിൽ അറിയിച്ചു. ഇപ്പോൾ കരാറിനു തയാറായവരുടെയും ക്രിസ്ത്യൻ മാനേജ്മെന്റുകളുടെയും കോളജുകളിലേക്ക് അലോട്മെന്റ് നടത്താൻ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
കോടതി വിധി വരുമ്പോഴെങ്കിലും സർക്കാർ അനങ്ങുമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികൾ. സ്വാശ്രയ കോളജുകളിലേക്കു രണ്ട് അലോട്മെന്റ് നടത്താൻ ഇപ്പോഴും സമയം ഉണ്ട്. ആരോഗ്യ, നിയമ വകുപ്പുകളും പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസുമാണ് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത്.
കഴിഞ്ഞദിവസം നടന്ന എൻജിനീയറിങ് അവസാനഘട്ട അലോട്മെന്റിനു ശേഷവും ഒട്ടേറെ എൻജിനീയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി അലോട്മെന്റ് രേഖകൾ വ്യക്തമാക്കുന്നു. ഈ സീറ്റുകളിൽ വിദ്യാർഥികളെ കണ്ടെത്തിയില്ലെങ്കിൽ പല സ്വാശ്രയ കോളജുകളും സാമ്പത്തിക നഷ്ടത്തിലാകും.

