ട്രെയിനുകൾക്ക് നേരെയുള്ള അക്രമണം തടയാൻ ക്യാമറകൾ വരുന്നു
കാസർഗോഡ്: ട്രെയിനുകൾക്ക് നേരെ വരുന്ന അക്രമണങ്ങൾ തടയാൻ വയർലെസ് ക്യാമറകൾ വരുന്നു. കേരളത്തിലെ മറ്റ് ജില്ലകൾക്ക് പുറമെ കാസർഗോഡ് ജില്ലയിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും വയർലെസ് ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവെ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടിനും കർണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള പാളത്തിലാണ് ആദ്യഘട്ടമായി വയർലെസ് ക്യാമറകൾ സ്ഥാപിക്കുന്നത്.
ആക്രമണം മൂലം ഇത് വഴി ട്രെയിൻ കടന്നുപോകുന്പോൾ യാത്രക്കാർ കടുത്ത ആശങ്കയിലാണ്. പാലക്കാട് ഡിവിഷൻ ആർ.പി.എഫ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റെയിൽവെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപോർട്ട് പ്രകാരം കഴിഞ്ഞവർഷം കേരളത്തിൽ പതിനഞ്ച് ഇടങ്ങളിലാണ് കല്ലേറുണ്ടായത്.
വടകരക്കും ഷൊർണൂരിനും ഇടയിലാണ് ഏറ്റവും കൂടുതൽ കല്ലേറ് നടന്നത്. ഇവിടെ എട്ട് കേസുകൾ റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാടിനും മംഗളൂരുവിനും ഇടയിൽ നാലിടത്താണ് കല്ലേറ് നടന്നിട്ടുള്ളത്. ജനറൽ കന്പാർട്ടുമെന്റുകൾക്കും എഞ്ചിനും നേരെയാണ് കൂടുതലായും കല്ലേറുണ്ടായത്. ബേക്കൽ ഭാഗത്ത് ട്രെയിനുകൾക്ക് നേരെ നിരന്തരം കല്ലേറുണ്ടായതിനെ തുടർന്ന് നിരീക്ഷിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു.

